ആയിരങ്ങള്‍ക്ക് ദിവസവും വിഭസമൃദ്ധമായ സൗജന്യ ഇഫ്താര്‍..വീട്ടുകാര്‍ നല്‍കുന്ന പത്തിരികള്‍ ശേഖരിക്കാന്‍ വളണ്ടിയര്‍മാരും

Keralam News Religion

കോഴിക്കോട്: വിശുദ്ധ റമസാന്‍ മാസത്തില്‍ പൊതുജനങ്ങള്‍ക്ക് എല്ലാ ദിവസവും ഇഫ്താര്‍ ഒരുക്കി സൗഹൃദത്തിന്റെ മാനവിക സന്ദേശം പകരുകയാണ് കാരന്തൂര്‍ മര്‍കസ്. പ്രധാന ക്യാമ്പസില്‍ തയ്യാറാക്കിയ വിശാലമായ പന്തലില്‍ യാത്രക്കാരും സമീപപ്രദേശങ്ങളില്‍ നിന്നുള്ള കടകളിലെ ജീവനക്കാരും ഐ.ഐ.എം സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികളുമടക്കം ആയിരങ്ങളാണ് ഇഫ്താറിനെത്തുന്നത്. 1000 അംഗങ്ങളുള്ള സ്ത്രീ കൂട്ടായ്മയാണ് ഇവര്‍ക്കുള്ള വിഭവങ്ങളൊരുക്കുന്നത് എന്നതാണ് മര്‍കസ് ഇഫ്താറിന്റെ പ്രത്യേകത. വൈകുന്നേരമാകുമ്പോഴേക്ക് സ്വന്തം ഭവനങ്ങളില്‍ ഇവര്‍ തയ്യാറാക്കുന്ന പത്തിരിയടക്കമുള്ള വിഭവങ്ങള്‍ ശേഖരിക്കാന്‍ വൊളണ്ടിയര്‍മാര്‍ എത്തും. ബാങ്ക് വിളിക്കുന്നതിന് മുമ്പായി വിഭവങ്ങള്‍ പന്തലില്‍ റെഡി. പള്ളിയില്‍ ബാങ്കൊലി മുഴങ്ങുമ്പോള്‍ വിശ്വാസികള്‍ ഈത്തപ്പഴവും വെള്ളവുമുപയോഗിച്ച് നോമ്പ് തുറക്കും. നിസ്‌കാരശേഷം പന്തലിലേക്ക്. സമൃദ്ധമായ വിഭവങ്ങളോടെ ഒന്നിച്ചിരുന്ന് ഇഫ്താര്‍. സൗഹൃദ കഥകള്‍ ഇവിടെ തീരുന്നില്ല. വിശുദ്ധ റമസാനിലെ തറാവീഹ് നിസ്‌കാരത്തിന് ശേഷം മുഴുവന്‍ ആളുകളും കഞ്ഞിയും പപ്പടവും കുടിച്ചാണ് വീടുകളിലേക്ക് മടങ്ങുന്നത്. അയല്‍പക്ക കൂട്ടായ്മയുടെ സഹകരണത്തോടെ പൊതുജനങ്ങള്‍ക്കായുള്ള മര്‍കസിന്റെ സൗഹൃദ ഇഫ്താറിന് വര്‍ഷങ്ങളുടെ പാരമ്പര്യമുണ്ട്. സമൂഹത്തിലെ അശരണരെയും അനാഥരെയും ചേര്‍ത്ത് പിടിച്ച് വളര്‍ന്ന മര്‍കസിന്റെ ഇഫ്താറും ജനങ്ങള്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്