കോട്ടയത്ത് കെ.എസ്.ഇ.ബി. ബില്ലിന്‍റെ പേരിൽ ഓൺലൈൻ തട്ടിപ്പ് ; അധ്യാപികയ്ക്ക് നഷ്ടമായത് ഒരു ലക്ഷം രൂപ

Crime Local News

തിരുവനന്തപുരം: കെ.എസ്.ഇ.ബി ബില്ലിന്‍റെ പേരിലുള്ള ഓൺലൈൻ തട്ടിപ്പ് കാരണം കോട്ടയത്തെ അധ്യാപികയ്ക്ക് നഷ്ടമായത് ഒരു ലക്ഷത്തി പതിനൊന്നായിരം രൂപ. കഴിഞ്ഞ മാസത്തെ ബിൽ അപ്ഡേറ്റ് ആയിട്ടില്ലെന്ന പേരിൽ അധ്യാപികയുടെ ഭർത്താവിന്‍റെ മൊബൈലിലേക്ക് എസ്എംഎസ് വന്നതോടെയാണ് തട്ടിപ്പിന് തുടക്കമായത്. എസ്.എം.എസിൽ കണ്ട നമ്പറിലേക്ക് അധ്യാപിക വിളിച്ചപ്പോൾ എനി ഡെസ്ക് എന്ന മൊബൈൽ സ്ക്രീൻ ഷെയർ ആപ്പ് ഡൗൺലോഡ് ചെയ്യാൻ ആവശ്യപ്പെടുകയായിരുന്നു. ബില്ലിലെ പ്രശ്നം തീർക്കാൻ വെറും പത്ത് രൂപ അടയ്ക്കാനായിരുന്നു നിർദ്ദേശിച്ചത്. ബാങ്ക് ഓ.ടി.പി വന്നില്ലെന്ന പേരിൽ രണ്ട് എടിഎം കാർഡുകളിൽ നിന്ന് പത്ത് രൂപ അടപ്പിക്കുകയും അതുവഴി രണ്ട് കാർഡിന്‍റെ വിവരങ്ങൾ എനി ഡെസ്ക് ആപ്പ് വഴി തട്ടിപ്പ് സംഘം സ്വന്തമാക്കുകയുമായിരുന്നു.

കാർഡുവഴിയുള്ള പണം പിൻവലിക്കൽ പരിധി 50000 രൂപയായത് കൊണ്ട് കൂടുതൽ തുക നഷ്ടമായില്ലെങ്കിലും അക്കൗണ്ടിൽ ഉണ്ടായിരുന്ന വലിയ തുക ലക്ഷ്യമിട്ട സംഘാംഗം അധ്യാപികയുടെ വീട്ടിലെത്തുകയും ചെയ്തിരുന്നു ഫോണിൽ തട്ടിപ്പു സംഘം സംസാരിച്ചത് ഇംഗ്ലീഷിലും ഹിന്ദിയില്ലാമാണെങ്കിലും വീട്ടിലെത്തിയ ആൾ സംസാരിച്ചത് മലയാളത്തിലായിരുന്നുവെന്നും അദ്ധ്യാപിക വെളിപ്പെടുത്തി.