പഞ്ചായത്തില്‍ വിതരണം ചെയ്യുന്ന കുടിവെള്ളത്തില്‍ ജീവനുള്ള പുഴുക്കളും കൃമികളും

Crime Health Local News

ശാസ്താംകോട്ട : കുന്നത്തൂര്‍ പഞ്ചായത്തില്‍ വിതരണം ചെയ്യുന്ന കുടിവെള്ളത്തില്‍ ജീവനുള്ള പുഴുക്കളും കൃമികളും മറ്റ് ജലജീവികളുമെന്ന് നാട്ടുകാരുടെ പരാതി. ശുദ്ധജല പദ്ധതി പ്രകാരം ചേലൂര്‍ കായലില്‍ നിന്നും പൈപുകള്‍ വഴി വിതരണം ചെയ്യുന്ന വെള്ളത്തിലാണ് സാംക്രമിക രോഗങ്ങള്‍ പടര്‍ന്നു പിടിക്കാന്‍ സാധ്യതയുള്ള തരത്തില്‍ കൃമികളെ കണ്ടെത്തിയിരിക്കുന്നത്.

ഇന്നലെ പുത്തനമ്പലം എട്ടാം വാര്‍ഡിലെ വിവിധ വീടുകളില്‍ ഗാര്‍ഹികാവശ്യത്തിന് സംഭരിച്ച വെള്ളത്തിലാണ് ജലജീവികൾ വ്യാപകമായി കാണപ്പെട്ടത്. കരിഞ്ഞുണങ്ങിയ പോച്ചയും കച്ചിയും ഇതിനൊപ്പം ലഭിച്ചു.
പഞ്ചായത്തിലെ 17 വാര്‍ഡുകളിലും പൂര്‍ണമായും വിതരണം ചെയ്യുന്നത് ചേലൂരില്‍ നിന്നുള്ള ജലമാണ്. എന്നാല്‍ വൃത്തിഹീനമായ സാഹചര്യത്തില്‍ കിടക്കുന്ന വെള്ളം പൈപുകള്‍ വഴി ടാങ്കിലെത്തിച്ച്‌ ഫില്‍റ്റെര്‍ പോലും നടത്താതെ വിതരണം ചെയ്യുകയാണെന്നാണ് നാട്ടുകാരുടെ ആരോപണം.