ചുറ്റുമുള്ളവരില്‍ സ്‌നേഹത്തിന്റെ പോസിറ്റിവിറ്റി നിറക്കുന്ന അത്ഭുത മനുഷ്യന്‍

Feature Interview News Sports Writers Blog

നസ്‌റീയ തങ്കയത്തില്‍

ചാലിയത്ത് പി.പി. മുർഷാദ് എന്നൊരു അടിപൊളി മനുഷ്യനുണ്ട്. തന്റെ ചുറ്റുമുള്ളവരിലൊക്കെ സ്നേഹത്തിന്റെ പോസിറ്റിവിറ്റി നിറക്കുന്ന മാജിക്ക് അയാൾക്ക് കൈവശമുണ്ട്. സങ്കടങ്ങൾ വരുമ്പോൾ തളർന്നുപോവുന്ന സകലർക്കും ഇയാളുടെ പറച്ചിലുകൾ വെറുമൊരു കെട്ടുകഥയായി തോന്നിയേക്കാം. ആറാം വയസ്സിലുണ്ടായ ഒരു വാഹനാപകടത്തിൽ കാലുകളിലൊന്ന് മുറിച്ച് മാറ്റേണ്ടി വന്നിട്ടും തോറ്റുകൊടുക്കാതെ, ഇന്ന് ദേശീയ പാരാ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ കേരളത്തെ പ്രതിനിധീകരിച്ച് മത്സരിക്കുന്നിടത്തേക്ക് എത്തിപ്പെട്ടത് മുർഷാദിന്റെ അസാധാരണമായ ഇച്ഛാശക്തികൊണ്ട് മാത്രമാണ്. മാസ്സ് സിനിമയെ വെല്ലുവിളിക്കുന്ന തരത്തിലുള്ള ഈ ചെങ്ങാതിയുടെ അസാധാരണ ജീവിതം നിറഞ്ഞ കയ്യടികളോടെയല്ലാതെ നമുക്ക് തൊട്ടറിയാനാവില്ല.

തലവര മാറ്റിയ ബാഡ്‌മിന്റൺ കോർട്ട്

നാഷണൽ ബാഡ്‌മിന്റൺ ചാമ്പ്യൻഷിപ്പിന് രണ്ടുതവണ യോഗ്യത. ഇരുവട്ടം സ്റ്റേറ്റ് ചാമ്പ്യൻ. ഇത്രയ്ക്കും നേട്ടങ്ങൾ കൊയ്‌തെടുത്തത് രണ്ടേ രണ്ട് വർഷങ്ങൾ കൊണ്ടാണെന്ന് പറഞ്ഞാൽ വിശ്വസിക്കാനാവുമോ! മുർഷാദിന്റെയുള്ളിലെ പ്രതിഭ അത്രയ്ക്കും അവിശ്വസനീയം തന്നെയാണ്.
കളിക്കാനിഷ്ടമായിരുന്നു എന്നല്ലാതെ ബാഡ്‌മിന്റൺ പ്ലെയർ ആവണമെന്ന സ്വപ്നമൊന്നും മുർഷാദിനില്ലായിരുന്നു. ഒരു പാരാ അത്‌ലറ്റ് ആവണമെന്ന ആഗ്രഹം ഉടലെടുത്തപ്പോൾ സ്വയം തിരഞ്ഞെടുത്തത്  ബാഡ്മിന്റൺ എന്നതാണ് നേര്. തനിച്ചായിരുന്നു ആദ്യകാല പരിശീലനം.
കടലുണ്ടി പഞ്ചായത്ത് സെക്രട്ടറിയുടെ അഭ്യർത്ഥനയിൽ കാലിക്കറ്റ് സർവ്വകലാശാലാ ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയവും  ബാഡ്മിന്റൺ കോച്ച് കീർത്തൻ ജെ. യുടെ ശിക്ഷണവും മുർഷാദിന് അനുവദിച്ചു കിട്ടി. കഴിവിനോടൊപ്പം മികച്ച കോച്ചിനെയും കിട്ടിയപ്പോൾ മുർഷാദ് കൂടുതൽ ഉഷാറായി.


നാഷണൽസിന് യോഗ്യത നേടിയപ്പോൾ പ്രാക്ടിസിനുള്ള എല്ലാവിധ സംവിധാനങ്ങളും യൂണിവേഴ്സിറ്റി തന്നെ ഒരുക്കിക്കൊടുത്തിരുന്നു. എസ്.എൽ കാറ്റഗറിയിൽ  മത്സരിക്കുന്നതിനാൽ സാധാരണ ബാഡ്‌മിന്റൺ മത്സരത്തിനുള്ള ട്രെയിനിങ് തന്നെയാണ് മുർഷാദ് ഫോളോ ചെയ്യുന്നത്. ഈ കാറ്റഗറിയിൽ നോർമ്മലായിട്ടുള്ള കോർട്ടും റൂമും ഒക്കെത്തന്നെയാണ് ഉപയോഗിക്കുക.
ഇക്കഴിഞ്ഞ ഡിസംബർ 24 – 26 ന് ഒഡീഷയിലെ ഭുവനേശ്വറിൽ നടന്ന ദേശീയ പാരാബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ കേരളത്തെ പ്രതിനിധീകരിച്ച മുർഷാദ് മെഡൽ ഒന്നും നേടിയില്ലെങ്കിലും കോർട്ടിൽ കാഴ്‌ചവെച്ചത് അഭിമാനകരമായ പോരാട്ടം തന്നെയായിരുന്നു.

ജീവിതത്തിലേക്ക് ഓവർടേക്ക് ചെയ്തു വന്ന ഒരൊറ്റ നിമിഷം

ആറാം വയസ്സുവരെ ഓടിച്ചാടി നടന്നിരുന്ന കുഞ്ഞായിരുന്നു മുർഷാദും. ചാലിയത്ത് മദ്രസത്തുൽ മനാർ സ്‌കൂളിൽ ഒന്നാം ക്ലാസ്സിൽ പഠിക്കുന്ന സമയത്ത് ആഗസ്റ്റ് മാസത്തിലെ ആദ്യ വെള്ളിയാഴ്ച ഒരു സർപ്രൈസുമായി കാത്തിരിക്കുകയാണെന്ന് ആരുമറിഞ്ഞിരുന്നില്ല. പി.ടി.എ മീറ്റിങ് ഉള്ളത് കൊണ്ട് അന്ന് പതിവിലും നേരത്തെ സ്‌കൂൾ വിട്ടിരുന്നു. എന്നും പെങ്ങളുടെ കൈപിടിച്ച് വീട്ടിൽ പോവാറുള്ള മുർഷാദ് അന്ന് സഹോദരിയെയും അവൾ അവനെയും ഒരു നിയോഗമെന്നോണം കണ്ടില്ല. സ്‌കൂൾ കഴിഞ്ഞ് കലുങ്കിന്റെ മുകളിലൂടെ ഒരു 300 മീറ്റർ മുന്നോട്ട് നടന്നെത്തിയപ്പോഴാണ് പെട്ടെന്നൊരു ജീപ്പ് ബസിനെ ഓവർടേക്ക് ചെയ്ത് തെറ്റായ ദിശയിൽ വന്ന് മുർഷാദിനെയും ഇടിച്ചുകൊണ്ട് പോയത്. ആരൊക്കെയോ വാരിയെടുത്തു ആശുപത്രിയിലെത്തിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിൽ കുറേനാൾ അബോധാവസ്ഥയിലായിരുന്നു. കുറച്ചുദൂരം അവനെയും വലിച്ച്  പോയ ജീപ്പിന്റെ ടയറിന്റെയുള്ളിൽ കുടുങ്ങി അരഞ്ഞുപോയത് കൊണ്ട് കാല് മുറിച്ചുമാറ്റുകയല്ലാതെ നിവൃത്തിയുണ്ടായിരുന്നില്ല. ഓർമ്മിക്കാൻ വേദനകളല്ലാതെ മറ്റൊന്നുമില്ലാത്ത കാലമായിരുന്നു അത്.

പ്രതീക്ഷയുടെ വെളിച്ചം കടന്നുവരുന്നു

ആശുപത്രിവാസമവസാനിപ്പിച്ച് പതിയെപ്പതിയെ ഊന്നുവടിയുടെയും കൃത്രിമക്കാലിന്റെയും സഹായത്തോടെ ജീവിതം തിരിച്ചുപിടിക്കാൻ തുടങ്ങിയെങ്കിലും നാട്ടിലെത്തിയപ്പോൾ ദുരനുഭവങ്ങൾ നേരിടേണ്ടി വന്നു. പലരും കളിയാക്കാനും വിളിപ്പേര് വിളിക്കാനും തുടങ്ങിയപ്പോൾ ഇതുവരെയറിയാത്ത വേദന കൂടി ഇനിയങ്ങോട്ട് അനുഭവിക്കേണ്ടതുണ്ടെന്ന് മുർഷാദ് തിരിച്ചറിയുകയായിരുന്നു.
ഹോസ്പിറ്റലിൽ കിടക്കുമ്പോൾ ദേവഗിരി കോളേജിനടുത്തുള്ള പ്രതീക്ഷ എന്ന കോൺവെന്റിലുള്ള സിസ്റ്റർ എന്നും വിസിറ്റ് ചെയ്യാൻ വരുമായിരുന്നു. ഫിസിക്കലി ഡിസേബിൾഡ് ആയിട്ടുള്ളവർക്ക് വേണ്ടി എല്ലാ സൗകര്യങ്ങളും ഫ്രീയായിട്ട് ചെയ്യുന്നുണ്ടെന്നും നിങ്ങളുടെ മകനെ തരികയാണെങ്കിൽ ഞങ്ങൾ പൊന്നുപോലെ നോക്കിക്കോളാമെന്നും അവരൊരിക്കൽ സൂചിപ്പിച്ചു. ഉമ്മയാകെ തകർന്നു. മോനെ തരില്ലായെന്ന് പറഞ്ഞ് കുറെയേറെ കരഞ്ഞു.
ഒരു ദിവസം മുർഷാദും ഉമ്മയും കോൺവെന്റ് സന്ദർശിക്കാൻ പോയി. ചികിത്സയ്ക്ക് വേണ്ട എല്ലാവിധ സൗകര്യങ്ങളും മകനെപ്പോലെയുള്ള കുറെ കുഞ്ഞുങ്ങളെയും കണ്ടപ്പോൾ നാട്ടിലെ കുറ്റപ്പെടുത്തലുകളുടെയോർമ്മകളിൽ നീറിയിരുന്ന ഉമ്മയ്ക്ക് മുർഷാദിനെയവിടെ  ചേർക്കാതിരിക്കാൻ  കഴിഞ്ഞില്ല. അങ്ങനെ വളരെ ചെറിയ പ്രായത്തിൽ തന്നെ ഉമ്മയെ കൂടാതെ 18 അമ്മമാരെ മുർഷാദിന് ബോണസായി കിട്ടി. അവർ അതീവ സ്നേഹത്തോടെയും വാത്സല്യത്തോടെയും ഒന്നാം ക്ലാസ്സു മുതൽ ആറാം ക്ലാസ് വരെ അവനെ പരിചരിച്ച് വളർത്തി വലുതാക്കി. നല്ലത് മാത്രം ചിന്തിക്കുക- നല്ലത് മാത്രം പ്രവർത്തിക്കുക – നല്ലതു മാത്രം ഓർക്കുക എന്ന ജീവിതത്തിന്റെ ബേസിക് ആയ കാഴ്‌ചപ്പാട് മുർഷാദിന് ലഭിച്ചത് കോൺവെന്റിൽ നിന്നാണ്. അവിടുന്ന് കിട്ടിയിട്ടുള്ള പ്രോത്സാഹനവും പ്രചോദനവും തന്നെയാണ് ഈ യുവാവിന്റെ അകക്കാമ്പ്.

മുർഷാദ് പരിശീലനത്തിനിടെ

തീയിൽ കുരുത്തത് വെയിലത്ത് വാടില്ല

കോൺവെന്റിലെ പഠനത്തിന് ശേഷം തിരിച്ചുവന്ന മുർഷാദ് നാട്ടിൽത്തന്നെ സ്‌കൂളിൽ ചേർന്നെങ്കിലും പഠനത്തിൽ പിറകോട്ട് പോയി. പത്താംക്ലാസ് കഴിഞ്ഞപ്പോൾ ആർക്കും ബാധ്യതയാവാതെ ജീവിക്കണമെന്ന് മനസ്സിലുറപ്പിച്ചു. ഡിഗ്രി ചെയ്തെങ്കിലും കംപ്ലീറ്റ് ആക്കിയില്ല. ചില പേപ്പറുകൾ ഇനിയും എഴുതിയെടുക്കാനുണ്ട്. പഠനത്തിനേക്കാളും അത്യാവശ്യം ജോലിയായിരുന്നു. ചെയ്യാൻ പറ്റുന്ന സകല ജോലികളും ചെയ്ത് സമ്പാദിക്കാനും കുടുംബം നോക്കാനുമായിരുന്നു ശ്രമം.
പലയിടത്തു നിന്നും പലരും പലപ്പോഴായും തളർത്താൻ ശ്രമിച്ചിരുന്നു. തോറ്റു കൊടുക്കില്ലെന്ന മനസ്സായിരുന്നു മുന്നോട്ട് പോവാനുള്ള കൈമുതൽ. നന്നായി ജീവിക്കണമെന്ന വാശിയായി. പിന്നെപ്പിന്നെ നോർമൽ ആൾക്കാർ ചെയ്യുന്നതൊക്കെ അതിലും ഭംഗിയായി ചെയ്യാൻ തുടങ്ങി. തന്നെക്കൊണ്ട് സാധിക്കുമെന്ന് എന്ന ബോധ്യം ഉള്ളിലുള്ളത് കൊണ്ട് ഡ്രൈവിംഗ്, സ്വിമ്മിങ്, മരത്തിൽ കയറൽ അങ്ങനെ എല്ലാം വളരെ മികവോടെത്തന്നെ ചെയ്യാൻ മുർഷാദ് പഠിച്ചു.

പിന്നെയും വേട്ടയാടിയ ചില നൊമ്പരങ്ങൾ

2014 -ൽ വള്ളിക്കുന്നിൽ വെച്ചുണ്ടായ ബസപകടത്തിൽ മുർഷാദിന് തന്റെ സഹോദരിയെ നഷ്ടമായി. മറക്കാനോ മായ്ക്കാനോ കഴിയാത്ത ഏറ്റവും വലിയ നഷ്ടമായിരുന്നു അത്. പിന്നീട് ജീവിതത്തെ തിരിച്ചു പിടിക്കാൻ കുറെയേറെ കഷ്ടപ്പെട്ടു. പെങ്ങളെ ഓർക്കാത്ത , ഓർമ്മിക്കാത്ത ഒരു ദിനം പോലും അതിനുശേഷം കടന്നുപോയിട്ടില്ല. ആ നഷ്ടം നികത്താൻ ഒരിക്കലും കഴിയുകയുമില്ലെന്ന് മുർഷാദിന് ഉറപ്പാണ്.
മുർഷാദിന്റെ ജീവിതത്തിൽ സംഭവിച്ച മറ്റൊരു ട്രാജഡിയായിരുന്നു വിവാഹം. മൂന്ന് വർഷങ്ങൾക്ക് മുന്നേ ഡിവോഴ്സ് ചെയ്യുന്നത് വരെ പ്രശ്ങ്ങൾ തന്നെയായിരുന്നു. നമ്മെ മനസ്സിലാക്കാത്ത ഒരാളുടെ കൂടെ ജീവിക്കുന്നിടത്തോളം കാലം പ്രശ്നങ്ങൾ തീരില്ലയെന്നാണ് മുർഷാദ് പറയുന്നത്. ഒത്തുപോവാത്തത് വിട്ട് കൊടുക്കുക. ടോക്‌സിക് ആയ ബന്ധങ്ങൾ തുടരാതിരിക്കുക. ജീവിത യാത്ര അങ്ങനെയാണ്. എത്തുന്നതെവിടെയാണോ അത്രയും പടച്ചോൻ നമ്മളെ അനുഗ്രഹിച്ചതു കൊണ്ടാണെന്നാണ് മുർഷാദിന്റെ അതിജീവനം പറഞ്ഞുവെക്കുന്നത്.

ഉൾക്കരുത്തായി  കുടുംബവും സുഹൃത്തുക്കളും

കടലുണ്ടി ചാലിയം പഞ്ചാരക്കന്റെ പുരയ്‌ക്കൽ മുഹമ്മദിന്റെയും റംലയുടെയും മകനായ മുർഷാദിന്റെ ഉമ്മയുടെ നാടാണ് ചാലിയം. എറണാംകുളം സ്വദേശിയായ ഉപ്പ പതിനാറ് വർഷത്തോളം ചരക്ക് കൊണ്ടുപോവുന്ന ഉരുവിൽ ഡ്രൈവർ ആയിരുന്നു. ഒരു സഹോദരി കൂടിയുണ്ട് മുർഷാദിന്. അവളെ ലക്ഷദ്വീപിലേക്കാണ് കല്യാണം കഴിപ്പിച്ചയച്ചത്. കുടുംബവും സുഹൃത്തുക്കളും തന്നെയാണ് മുർഷാദിന്റെ ഉൾക്കരുത്. നല്ല നല്ല ബന്ധങ്ങൾ നില നിൽക്കുന്നത് കൊണ്ട് , നിലനിർത്താൻ കഴിയുന്നത് കൊണ്ട് കൂടുതൽ ആത്മവിശ്വാസമുണ്ട് മുർഷാദിന്. സാധാരണക്കാർ ചെയുന്ന എല്ലാ കാര്യങ്ങളും ചെയ്യുന്നത് കൊണ്ടുതന്നെ മിക്ക സുഹൃത്തുക്കൾക്കും മുർഷാദ് ഡിസേബിൾഡ് ആയിട്ടുള്ള കാര്യം അറിയിലായിരുന്നു. പാരാ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് വന്നപ്പോഴാണ് പലരും ഇങ്ങനെയൊരു കാര്യമൊക്കെ അറിയുന്നത്.
കെട്ടുറപ്പോടെ, അതിലും സ്നേഹത്തോടെ ചേർത്തുനിർത്തുന്ന സുഹൃത്തുക്കൾ പകർന്നു നൽകുന്ന പോസിറ്റീവ് ബിഗ് എനർജി തന്നെയാണ് മുർഷാദിന്റെ സമ്പാദ്യം.

നെഗറ്റിവുകളെ പോസിറ്റിവ് ആക്കിമാറ്റുന്ന തന്ത്രം

തന്റെ പോസിറ്റിവ് വൈബിനു പിന്നിലെ രഹസ്യം വളരെ സിംപിളാണെന്നാണ് മുർഷാദ് ചെറുചിരിയോടെ പറയുന്നത്. നെഗറ്റിവുകളൊക്കെ നേരിട്ട് കടന്നുവരുന്ന ഒരു വ്യക്തിക്ക് പോസിറ്റീവ് ആവാനും നെഗറ്റിവ് ആവാനും വളരെ എളുപ്പമാണ്. മുർഷാദ് തിരഞ്ഞെടുത്തത് ആദ്യത്തെ വഴിയാണെന്ന് മാത്രം. എല്ലാവരും സങ്കടങ്ങളിലേക്ക് മാത്രം ശ്രദ്ധ കൊടുക്കുമ്പോൾ അതിന്റെയൊപ്പമുള്ള സന്തോഷങ്ങൾ കണ്ടെത്താൻ മെനക്കെടാറില്ല. നമ്മുടെ സന്തോഷങ്ങളിലേക്ക് നമ്മൾ തന്നെ യാത്ര ചെയ്യണം. അവനവന്റെ സന്തോഷങ്ങളിലേക്ക് അപൂർവ്വമായി യാത്ര ചെയ്യുന്നതാണ് മനുഷ്യന്റെ രീതി. അന്നേരം  സ്വാഭാവികമായും പോസിറ്റീവ് മൈൻഡ് ഉള്ളവരായി മാറും. നമ്മുടെ കൂടെ ജീവിക്കുന്ന നല്ല മനുഷ്യരെ കണ്ടെത്തുമ്പോഴും, കഷ്ടപ്പെടുന്ന പലരെയും അടുത്തറിയുമ്പോഴും നമുക്ക് കൂടുതൽ പോസിറ്റീവ് ആയി ഇരിക്കാൻ പറ്റും. എല്ലാവരും നമ്മുടെ സുഹൃത്തുക്കളാണ് എന്ന തരത്തിലുള്ള സമീപനവും പോസിറ്റിവിറ്റി നൽകുന്നതാണ്.

മുന്നോട്ട് മുന്നോട്ട്

സ്വന്തം രാജ്യത്തെ പ്രതിനിധീകരിച്ച് ലോക രാജ്യങ്ങളുടെ മുൻപിൽ മത്സരിക്കുക, അതിൽ വിജയിച്ച് ഇന്ത്യൻ പതാക കൈകളിലേന്തുക എന്നത് തന്നെയാണ് മുർഷാദിന്റെ ഏറ്റവും വലിയ സ്വപ്നം. അതുവഴി ബി.ഡബ്‌ള്യൂ.എഫിൽ റാങ്ക് എടുക്കണമെന്ന മോഹവും വഴിയേയുണ്ട്.


യാത്രകൾ ഒരുപാട് ഇഷ്ടപ്പെടുന്ന മുർഷാദ് നിരവധി സ്ഥലങ്ങളിൽ പോവുകയും പോകാനാഗ്രഹിക്കുകയും ചെയ്യുന്നുണ്ട്. തുർക്കി, സ്വിറ്റ്സർലാന്റ് എന്നിവയാണ് സ്വപ്ന ഇടങ്ങൾ. വളരെ വൈകാതെ ഇതെല്ലാം നിറമേറുമെന്ന് തന്നെയാണ് പ്രതീക്ഷ. ഫോട്ടോഗ്രഫിയാണ് മറ്റൊരു പാഷൻ. അത് മുർഷാദിന്റെ പ്രൊഫഷൻ കൂടിയാണ്. ഡ്രൈവിങ് , സ്വിമ്മിങ് , മ്യൂസിക്, വായന ഇങ്ങനെയിങ്ങനെ നീളുന്നു മുർഷാദിന്റെ ഇഷ്ടങ്ങൾ.
പേരിനോ പ്രശസ്തിക്കോ നിൽക്കാതെ നിരവധി സാമൂഹിക പ്രവർത്തനങ്ങളുടെ ഭാഗമായിട്ടുള്ള മുർഷാദ് ഒരു സഹായവും ചെറുതല്ലെന്ന ബോധ്യത്തോടെ, ഇനിയും പറ്റുന്നിടത്തൊക്കെ കൈത്താങ്ങായി നിലകൊള്ളാൻ തന്നെയാണ് തീരുമാനിച്ചിരിക്കുന്നത്.

കുതിച്ചുയരാൻ ഇനി വേണം നല്ലൊരു കാൽ

ഓരോ തവണ വിജയിക്കുമ്പോഴും മുർഷാദ് കടിച്ചമർത്തുന്നത് അസഹനീയമായ വേദനയാണ്. അടുത്ത കളിയ്ക്കിറങ്ങുമ്പോഴേക്കും നല്ലൊരു കൃത്രിമക്കാൽ വേണമെന്നാണ് ഈ മുപ്പതുകാരന്റെ ആഗ്രഹം. ഇത്രയും കാലം കളിച്ചതും ജീവിച്ചതും സാധാരണ രീതിയിലുള്ള കൃത്രിമക്കാലുകൊണ്ടാണ്. ഇതുണ്ടാക്കുന്ന വലിയ വേദനയിൽ നിന്നാണ് മുർഷാദ് മോചനമാഗ്രഹിക്കുന്നത്. ആധുനിക രീതിയിലുള്ള പ്രോസ്തെറ്റിക് ലെഗ് ഘടിപ്പിക്കാനായാൽ അനായാസം ചലിക്കാനും കളിക്കാനും കഴിയുമെന്ന് മുർഷാദിന് ഉറപ്പാണ്. എല്ലാവരും എല്ലാവരും കൈകോർത്താൻ ഇതിനാവശ്യമുള്ള വലിയ തുക കണ്ടെത്താനാവുമെന്ന് തന്നെയാണ് പ്രതീക്ഷ.
ബാക്കിയെല്ലാം അധ്വാനിച്ച് നേടുമെന്ന് തന്നെയാണ് മുർഷാദ് നൽകുന്ന വാക്ക്. നമ്മൾ എറിയുന്ന കല്ലുകളൊക്കെ കൂട്ടിവെച്ചിട്ട് അതുകൊണ്ട് നമ്മുടേതായിട്ടുള്ള ലോകം ഉണ്ടാക്കിയെടുക്കുന്ന ഫോർമുലയാണ് മുർഷാദിന്റെ വിജയ രഹസ്യം.

ഇനിയുമിനിയും ഉയർന്നു കൊണ്ടിരിക്കാൻ ,
സ്വപ്നങ്ങളൊക്കെയും നേടിയെടുക്കാൻ
സകലരെയും വിസ്മയിപ്പിക്കാൻ
മുർഷാദിന് എല്ലാ വിധ സ്നേഹാശംസകളും