പ്രളയ ദുരിതത്തിന് പിന്നാലെ കൂട്ടിക്കല്‍ പ്രദേശത്ത് രൂക്ഷമായ കുടിവെള്ള ക്ഷാമം

Keralam News

കോട്ടയം: പ്രളയത്തിന് പിന്നാലെ കൂട്ടിക്കല്‍ പ്രദേശത്ത് രൂക്ഷമായ കുടിവെള്ള ക്ഷാമം. മിക്ക കിണറുകളും ഉപയോഗശൂന്യമായതും ജലനിധി പദ്ധതിയുടെ സംഭരണികള്‍ മലവെള്ള പാച്ചിലില്‍ തകര്‍ന്നതും വൻ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.

പലയിടങ്ങളിലും കാല്‍നടയായി പോയാണ് മിക്കവരും വെള്ളം സംഭരിക്കുന്നത്. കിണർ വെള്ളത്തിന് രുചിവ്യത്യാസമുള്ളതുകൊണ്ടുതന്നെ അതുപയോഗിക്കാനാവുന്നില്ല. നിരവധി തവണ വൃത്തിയാക്കിയിട്ടും വെള്ളത്തിന്റെ ഉപരിതലത്തിൽ പാടയും കെട്ടി നിൽക്കുന്ന അവസ്ഥയാണ്.

പ്രളയം ദുരന്തം വിതച്ചിടത്ത് അടിയന്തരമായി ചെയ്യേണ്ടതിലൊന്നും അധികൃതരുടെ ശ്രദ്ധ പതിഞ്ഞിട്ടില്ലെന്നാണ് നാട്ടുകാരുടെ ആരോപണം. പുനരധിവാസം ഉടനെന്ന വാഗ്ദാനമല്ല വേണ്ടതെന്നും കുടിവെള്ളം പോലുള്ള ജീവൽ പ്രശ്നങ്ങളിൽ ഉടനടി പരിഹാരമാണ് ആവശ്യമെന്നും നാട്ടുകാർ വ്യക്തമാക്കി.