ഇലക്ട്രിക് ഓട്ടോയിൽ കയറിയ ഹൃദ്രോഗിയെ ഒരു വിഭാഗം ഓട്ടോ ഡ്രൈവർമാർ നടുറോഡില്‍ ഇറക്കിവിട്ടെന്ന് പരാതി

Crime Keralam News

കോഴിക്കോട് : ഇലക്ട്രിക് ഓട്ടോയിൽ കയറിയ ഹൃദ്രോഗിയെ ഒരു വിഭാഗം ഓട്ടോ ഡ്രൈവർമാർ നടുറോഡില്‍ ഇറക്കിവിട്ടെന്ന് പരാതി. ഇലക്ട്രിക് ഓട്ടോ സർവീസിനെതിരായ പ്രതിഷേധത്തിനിടെ ഒരു വിഭാഗം ഓട്ടോ ഡ്രൈവർമാരാണ് തൃശൂർ സ്വദേശി ജയപ്രകാശിനെ ഓട്ടോയിൽ നിന്ന് ഇറക്കി വിട്ടത്.

ഇന്നലെ ഉച്ചയോടെയാണ് സംഭവം നടന്നത്. ആശുപത്രിയിൽ പോകാൻ വേണ്ടി ആദ്യം കൈ കാണിച്ച വണ്ടിയിൽ കയറിപ്പോവുമ്പോൾ അതേതുതരം ഓട്ടോയാണ് എന്ന് നോക്കാനുള്ള മാനസികാവസ്ഥയിലായിരുന്നില്ല ജയപ്രകാശ്. പെട്ടെന്ന് മറ്റൊരു ഓട്ടോ വന്ന് ഇദ്ദേഹം കയറിയ ഓട്ടോയെ ബ്ലോക്ക് ചെയ്ത് നിർത്തുകയും പോകാൻ അനുവദിക്കില്ലെന്ന് പറയുകയുമായിരുന്നു. രണ്ട് ഗുളിക കഴിച്ചതാണെന്നും എങ്ങനെയെങ്കിലും ആശുപത്രിയിൽ എത്തിക്കണമെന്നും ഓട്ടോ വിടണമെന്നും കെഞ്ചി പറഞ്ഞെങ്കിലും നിങ്ങള് ചത്താലും വേണ്ടിയില്ല, ഞങ്ങളുടെ അഭിമാന പ്രശ്നമാണിതെന്നും പറഞ്ഞ് രോഗിയെ വഴിയിൽ ഇറക്കി വിടുകയായിരുന്നു.

യാത്രക്കാരനും ഓട്ടോ ഡ്രൈവറും നൽകിയ പരാതിയെ തുടർന്ന് സംഭവത്തില്‍ നടക്കാവ് പൊലീസ് കേസെടുത്തു.