വാക്സിനേഷന്‍ സർട്ടിഫിക്കറ്റിൽ പ്രധാനമന്ത്രിയുടെ ചിത്രം നീക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി

India Keralam News

കൊച്ചി : കൊവിഡ് വാക്സിനേഷന്‍ സർട്ടിഫിക്കറ്റിൽ പ്രധാനമന്ത്രിയുടെ ചിത്രം നീക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി. ഹര്‍ജിയ്ക്ക് പിന്നില്‍ രാഷ്ട്രീയ താല്‍പര്യമുണ്ടെന്നാണ് കോടതിയുടെ നിരീക്ഷണം. പരാതിക്കാരനോട് ഒരുലക്ഷം രൂപ പിഴയടക്കാൻ കോടതി ഉത്തരവിട്ടു.

കോടതികളില്‍ ഗൗരവമുള്ള ഒട്ടനവധി കേസുകള്‍ കെട്ടിക്കിടക്കുമ്പോള്‍ ഇത്തരം അനാവശ്യ ഹര്‍ജികള്‍ പ്രോല്‍സാഹിപ്പിക്കാനാകില്ലെന്നാണ് കോടതിയുടെ നിലപാട്. ഹര്‍ജി തീർത്തും ബാലിശമാണെന്നും പ്രശസ്തി താല്‍പര്യമാണ് ഹര്‍ജിയ്ക്ക് പിന്നിലെന്നും കോടതി അഭിപ്രായപ്പെട്ടു.

ആറാഴ്ചയ്ക്കകം പിഴ അടയ്ക്കണമെന്നാണ് കോടതിയുടെ ഉത്തരവ്. കടത്തുരുത്തി സ്വദേശി പീറ്റർ മാലിപ്പറമ്പിൽ ആണ് ഹർജിക്കാരൻ. പണം കൊടുത്ത് സ്വകാര്യ ആശുപത്രിയിൽ വാക്സിൻ എടുക്കുമ്പോൾ മോദിയുടെ ചിത്രം പതിക്കുന്നത് മാലികവകാശ ലംഘനം എന്നായിരുന്നു പരാതിക്കാരൻ വാദിച്ചത്.