ക്രിമിനലുകൾക്ക് ആത്മവിശ്വാസം നൽകുന്ന ഗവൺമെന്റായി പിണറായി സർക്കാർ അധഃപതിച്ചു – നൗഷാദ് മണ്ണിശ്ശേരി

Local News Politics

മലപ്പുറം : കേരളീയ സമൂഹത്തിന് മാനഹാനിയുണ്ടാക്കുന്ന രാഷ്ട്രീയക്കൊലപാതകങ്ങൾ സമീപകാലത്ത് വർധിച്ചത് ആഭ്യന്തര വകുപ്പിന് കീഴിലുള്ള പോലീസ് ഇന്റലിജൻസ് സംവിധാനങ്ങൾ നിഷ്‌ക്രിയമായതിന്റെ ദുരന്ത ഫലമായിട്ടാണെന്ന് മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി നൗഷാദ് മണ്ണിശ്ശേരി. ഐക്യം അണയാത്ത രാഷ്ട്രീയം എന്ന പ്രമേയത്തിൽ എടരിക്കോട് പഞ്ചായത്ത് മുസ്ലിം ലീഗ് സംഘടിപ്പിക്കുന്ന ഹരിതം അജയ്യം ക്യാമ്പയിൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയ കൊലപാതകത്തോടൊപ്പം അധോലോകവും ഗുണ്ടാ വിളയാട്ടവും സംസ്ഥാനത്തിന്റെ ഉറക്കം കെടുത്തിയിട്ടുണ്ടെന്നും കുറ്റകൃത്യങ്ങൾ സാമൂഹിക ജീവിതത്തെ കയ്യടക്കുമ്പോൾ നാഥനില്ലാത്ത അവസ്ഥയാണ് നാടിന്റേതെന്നും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. ഭീകരമായ രാഷ്ട്രീയ കൊലപാതകങ്ങൾ നടത്തി ശീലമുള്ളതുകൊണ്ടും രാഷ്ട്രീയ കൊലപാതകങ്ങളും ആക്രമണങ്ങളും സി.പി.എമ്മിന്റെ സംഘടനാ ശൈലി ആയതുകൊണ്ട് അവർക്കു ക്രമസമാധാന തകർച്ചയെ അർഹിക്കുന്ന ഗൗരവത്തോടെ കാണാൻ കഴിഞ്ഞെന്നു വരില്ലെന്നും നൗഷാദ് മണ്ണിശ്ശേരി കുറ്റപ്പെടുത്തി.

പുതുപറമ്പിൽ വെച്ച് നടന്ന പരിപാടിയിൽ സി പി കുഞ്ഞീതു ഹാജി അധ്യക്ഷത വഹിച്ചു. ഹനീഫ പുതുപ്പറമ്പ്, വി.ടി. സുബൈർ തങ്ങൾ, ബഷീർ പൂവഞ്ചേരി, റസാഖ് പാടഞ്ചേരി, നാസർ എടരിക്കോട്, മങ്ങാടൻ അബ്ദു, റഹീം ചീമാടൻ, ഇ.കെ, സി. കുഞ്ഞുമുഹമ്മദ് ഹാജി, പാറയിൽ ബാവ, ഒ.ടി. അബ്ദുസമദ്, പൂഴിക്കൽ ഇസ്മായിൽ, ഒ.ടി. സലാം, ശരീഫ് തറമ്മൽ സംസാരിച്ചു.

ഉദ്ഘാടനത്തിന് മുന്നോടിയായി എടരിക്കോട് പഞ്ചായത്ത് യൂത്ത് ലീഗ് യൂത്ത് കോർ സന്ദേശവിളംബര ജാഥ നടത്തി. മമ്മുട്ടി തൈക്കാടൻ, ഫസ്‌ലുദ്ദീൻ തയ്യിൽ, അക്ബർ കാട്ടകത്ത്, ഫൈസൽ പോക്കാട്ട്, അബ്ബാസ് കാട്ടി കുളങ്ങര, ശാമിൽ മുണ്ടശ്ശേരി, റഹീം താണുക്കുണ്ട് ,ഫൈറൂസ് കാലൊടി നേതൃത്വം നല്കി.

ഐക്യം അണയാത്ത രാഷ്ട്രീയം എന്ന പ്രമേയം ആസ്പദമാക്കി ഗൃഹ സമ്പർക്കം, വിചാരമുറ്റം, യൂണിറ്റ് മീറ്റ്, ടീനേജ് ഫെസ്റ്റ് തുടങ്ങിയവ വാർഡ് തലങ്ങളിലും കുടുംബ സംഗമം, പ്രൊഫഷണൽ മീറ്റ്, ബിസ്‌നസ് മീറ്റ്, പ്രവാസി സംഗമം, വികസന സെമിനാർ, കർഷക സംഗമം, ലേബേഴ്സ് മീറ്റ് തുടങ്ങിയവ പഞ്ചായത്ത് തലങ്ങളിലും നടത്തും. 2022 ജനുവരി 30 ന് മഹാറാലിയോടെ ക്യാമ്പയിൻ സമാപിക്കും.