അശ്രദ്ധമായി ബസ് ഓടിച്ച അപകടം വരുത്തിയ കെ എസ് ആര്‍ ടി സി ഡ്രൈവറെ നല്ലനടപ്പിന് വിട്ട് കോടതി, നിരീക്ഷണത്തിന് യാത്രക്കാരെയും ഏര്‍പ്പാടാക്കി

Local News

മഞ്ചേരി : അശ്രദ്ധമായി ബസ് ഓടിച്ച കെ എസ് ആര്‍ ടി സി ഡ്രൈവര്‍ക്ക് കോടതിയുടെ വ്യത്യസ്തമായ ശിക്ഷ. ഒരു വര്‍ഷം നല്ല നടപ്പിന് വിട്ടു കൊണ്ടാണ് കൊയിലാണ്ടി സ്വദേശി സുനില്‍ എന്ന 35കാരനെ പെരിന്തല്‍മണ്ണ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ശിക്ഷിച്ചത്. 2013 നവംബര്‍ 12ന് പുലര്‍ച്ചെ നാലു മണിക്ക് ദേശീയപാതയില്‍ പെരിന്തല്‍മണ്ണക്കും മലപ്പുറത്തിനും ഇടയിലായിരുന്നു അപകടം. അശ്രദ്ധയായി ബസ് ഓടിച്ചതില്‍ യാത്രക്കാരി പലതവണ ഡ്രൈവര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. മുന്നറിയിപ്പ് അവഗണിച്ച് ഓടിച്ച ബസ് പുനര്‍പ്പയിലെ എസ് വളവില്‍ വെച്ച് ടാങ്കര്‍ ലോറിയുമായി ഇടിച്ചു. പല്ലുകള്‍ നഷ്ടപ്പെട്ടതടക്കം 30 യാത്രക്കാര്‍ക്ക് പരിക്കേറ്റു. മങ്കട എസ് ഐ യായിരുന്ന കെ സുരേന്ദ്രന്‍ സംഭവത്തില്‍ കേസ്സെടുത്തു. മുന്നറിയിപ്പ് നല്‍കിയ വനിതയടക്കമുള്ള യാത്രക്കാരും ടാങ്കര്‍ ലോറി ഡ്രൈവര്‍ നടേശനും കോടതിയിലെത്തി മൊഴി നല്‍കി. ബസ് ഡ്രൈവര്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ കോടതി പക്ഷെ ഇദ്ദേഹം ദീര്‍ഘദൂരം ബസ്സോടിച്ച് വന്നതിലുള്ള മാനസിക ശാരീരിക അവസ്ഥ പരിഗണിച്ച് തടവു ശിക്ഷ ഒഴിവാക്കുകയായിരുന്നു. എന്നാല്‍ ഒരു വര്‍ഷം നല്ലപിള്ളയായി വാഹനമോടിക്കണം. മാത്രമല്ല ശ്രദ്ധയോടെ വാഹനമോടിക്കുന്നതിന് നിര്‍ബന്ധിത പരിശീലനത്തിലും പങ്കെടുക്കണം. കുറ്റക്കാരനായ ഡ്രൈവറെ മാനസിക പരിവര്‍ത്തനം നടത്തുന്നതിനും അനുകമ്പയോടും ശ്രദ്ധയോടെയും വാഹനം ഓടിക്കുന്നതിന് ഡ്രൈവറെ പ്രാപ്തമാക്കുന്നതിനും കൂടിയാണ് നിര്‍ബന്ധിത ട്രെയിനിങ്ങില്‍ ഡ്രൈവര്‍ പങ്കെടുക്കണമെന്ന് ഉത്തരവിട്ടത്. കണ്ടനകത്തെ ഡ്രൈവിംഗ് ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ആണ് പരിശീലനം നല്‍കുക. ഇക്കാര്യങ്ങളെല്ലാം നിരീക്ഷിക്കാന്‍ ജില്ല പ്രബേഷന്‍ ഓഫീസറെയും കോടതി ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇതിനൊക്കെ പുറമെ യാത്രക്കാര്‍ക്കുമുണ്ട് ജോലി. ഈ ഡ്രൈവറെ 15 ദിവസത്തേക്ക് യാത്രക്കാര്‍ നിരീക്ഷിക്കണം. അപകടകരമായ രീതിയില്‍ വാഹനമോടിക്കുകയാണെങ്കില്‍ യാത്രക്കാര്‍ക്ക് പരാതിപ്പെടാം. ഇതിനായി ജില്ലാ പ്രൊബേഷന്‍ ഓഫീസറുടെയടക്കം ഫോണ്‍ നമ്പരുകള്‍ ഈ ഡ്രൈവര്‍ ഓടിക്കുന്ന ബസ്സില്‍ പ്രദര്‍ശിപ്പിക്കും. ഓരോ മൂന്നുമാസം കൂടുമ്പോഴും ഡ്രൈവര്‍ക്ക് ഉണ്ടായ മാറ്റങ്ങള്‍ കോടതിയിലേക്ക് സമര്‍പ്പിക്കാന്‍ കോഴിക്കോട് ജില്ലാപ്രബേഷന്‍ ഓഫീസറെ കോടതി ചുമതലപ്പെടുത്തി.
ജയില്‍ ശിക്ഷ നല്‍കുന്നതിന് പകരം സമൂഹത്തില്‍ തന്നെ നിര്‍ത്തിക്കൊണ്ട് മാനസിക പരിവര്‍ത്തനം നടത്തുന്നതായിരിക്കും ഉചിതം എന്ന് കോഴിക്കോട് ജില്ലാപ്രബേഷന്‍ ഓഫീസര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ദീര്‍ഘദൂരം ജോലിചെയ്ത ഡ്രൈവര്‍മാരുടെ ശാരീരിക മാനസികാവസ്ഥയും പരിഗണിച്ചാണ് കോടതി ഡ്രൈവറായ സുനില്‍കുമാറിനെ ജയിലില്‍ അയക്കുന്നതിന് പകരം ജില്ലാപ്രബേഷന്‍ ഓഫീസറുടെ മേല്‍നോട്ടത്തില്‍ ഒരു വര്‍ഷത്തെ നല്ല നടപ്പില്‍ വിട്ടത്. അശ്രദ്ധമായും അപകടകരമായും വാഹനമോടിക്കുന്ന ഡ്രൈവര്‍മാര്‍ക്ക് മാര്‍ഗദര്‍ശനം കൂടിയാണ് പെരിന്തല്‍മണ്ണ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് ആയ ടി കെ യഹിയയുടെ പുരോഗമനപരമായ വിധി.

റിപ്പോര്‍ട്ട് ബഷീര്‍ കല്ലായി