എട്ട് വയസുകാരിയെ പിങ്ക് പൊലീസ് അപമാനിച്ച സംഭവം ; ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

Crime Keralam News

തിരുവനന്തപുരം : ആറ്റിങ്ങലിൽ 8 വയസുകാരിയെ പിങ്ക് പൊലീസ് അപമാനിച്ചതുമായി ബന്ധപ്പെട്ട ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കുട്ടിക്ക് അനുകൂലമായി സംസ്ഥാന സർകാർ എന്ത് നടപടി സ്വീകരിക്കും എന്ന് കഴിഞ്ഞ തവണ കോടതി ചോദിച്ചിരുന്നു. ഇക്കാര്യത്തിൽ സർക്കാരിന്റെ നിലപാട് അറിയിക്കുമെന്നാണ് പറയുന്നത് ..

കുട്ടിയെ പരിശോധിച്ച ക്ലിനിക്കൽ സൈക്കോളജിസ്റ്റിനോട് വീഡിയോ കോൺഫറൻസ് വഴി ഹാജരാകാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. കഴിഞ്ഞ തവണ കേസ് പരിഗണിക്കെ ഡിജിപിയെ കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. പോലീസ് ഉദ്യോഗസ്ഥ രജിതക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിനുമുന്നിലും പ്രതിഷേധം നടന്നിരുന്നു.സ്ഥലം മാറ്റത്തിലൂടെ ഇവരെ രക്ഷിക്കാനാണ് പൊലീസിന്റെ ശ്രമമെന്നും കുടുംബം പറയുന്നത് .

സംഭവം വിവാദമായതോടെ സംഭവത്തിൽ മാപ്പ് പറഞ്ഞ് പിങ്ക് പൊലീസ് ഉദ്യോഗസ്ഥ കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. ബുദ്ധിമുട്ട് നിറഞ്ഞ ചുറ്റുപാടിൽ നിന്നാണ് വരുന്നതെന്ന് പൊലീസ് ഉദ്യോഗസ്ഥ വിശദീകരിച്ചു. തന്നെ ആശ്രയിച്ച് കഴിയുന്ന കുടുംബത്തെ കണക്കിലെടുക്കണമെന്നും സത്യവാങ്മൂലത്തിൽ പറഞ്ഞു.

മാപ്പപേക്ഷ കണക്കിലെടുക്കുന്നതായി കോടതി അറിയിച്ചുവെങ്കിലും മാപ്പപേക്ഷ സ്വീകരിക്കില്ലെന്ന് കുട്ടിയുടെ പിതാവ് ജി ജയചന്ദ്രൻ പറഞ്ഞു. കുട്ടി ഞെട്ടലിൽ നിന്ന് ഇനിയും മുക്തയായിട്ടില്ലെന്നും കേസുമായി മുന്നോട്ട് പോകുമെന്നാണ് കുട്ടിയുടെ അച്ഛൻ പറഞ്ഞിരിക്കുന്നത് .