കോഴിക്കോട് ബേക്കറിയിലെ പലഹാരം സൂക്ഷിച്ച ചില്ല് കൂട്ടിൽ ജീവനുള്ള എലി ;വീഡിയോ എടുത്ത് ഭക്ഷ്യ സുരക്ഷാ വകുപ്പിന് കൈമാറി വിദ്യാർത്ഥികൾ

Crime Health Keralam News

കോഴിക്കോട് : ബേക്കറിയിലെ പലഹാരം സൂക്ഷിച്ച ചില്ല് കൂട്ടിൽ ജീവനുള്ള എലിയെ കണ്ടതിനെ തുടർന്ന് സ്ഥാപനം അടച്ചു പൂട്ടി. കോഴിക്കോട് നഗരത്തിലെ ഈസ്റ്റ്‌ ഹില്ലിലെ ഹോട്ട് ബൺസ് എന്ന സ്ഥാപനമാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് അടച്ചു പൂട്ടിയത്.

ബേക്കറിയിൽ ഭക്ഷണം കഴിക്കാനെത്തിയ കുട്ടികളാണ് എലിയെ ചില്ലുകൂട്ടിൽ കണ്ടത്. കുട്ടികൾ വീഡിയോ പകർത്തി ബന്ധപ്പെട്ട അധികൃതർക്ക് കൈമാറുകയായിരുന്നു. തുടർന്ന് ഡോ.വിഷ്ണു, എസ്. ഷാജി, ഡോ.ജോസഫ് കുര്യാക്കോസ് എന്നിവരടങ്ങുന്ന ഭക്ഷ്യ സുരക്ഷാ സ്ക്വാഡ് സ്ഥാപനത്തിൽ മിന്നൽ പരിശോധന നടത്തുകയും കോഴിക്കോട് ഭക്ഷ്യ സുരക്ഷാ അസി.കമ്മീഷണർ എം.ടി. ബേബിച്ചൻ സ്ഥാപനത്തിന്റെ ലൈസൻസ് റദ്ദാക്കുകയുമായിരുന്നു.

പരിശോധനനയിൽ സ്ഥാപനത്തിന്റെ അടുക്കളയിലും മറ്റും എലിയുടെ വിസർജ്യത്തിന്റെ സാന്നിധ്യം കണ്ടെത്തി . ഇത്തരം സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിക്കുന്നത് മനുഷ്യാരോഗ്യത്തിന് ഹാനികരമാണെന്നും യഥാസമയത്ത് വീഡിയോ ഭക്ഷ്യ സുരക്ഷാ ഓഫീസർക്ക് കൈമാറിയ വിദ്യാർഥികളുടെ നടപടി ശ്ലാഘനീയമാണെന്നും അധികൃതർ അറിയിച്ചു.