മഴ കനക്കുന്നു ; വിഴിഞ്ഞത്ത് വ്യാപക നഷ്ടം, കുട്ടനാട്ടിൽ വെള്ളക്കെട്ട്

Keralam News

തിരുവനന്തപുരം : സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ ശക്തമാകുന്നു. വിഴിഞ്ഞത്ത് വ്യാപക നഷ്ടങ്ങളാണ് മഴ മൂലം ഉണ്ടായിരിക്കുന്നത്. മഴയിലും കടൽ ക്ഷിഭത്തിലും മുപ്പതിലേറെ വള്ളങ്ങൾ തകർന്നിട്ടുണ്ട്. ഒട്ടനവധി മത്സ്യബന്ധന ഉപകരണങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. ഗംഗയാർ നിറഞ്ഞുകവിഞ്ഞതോടെ അമ്പതോളം കടകളിൽ വെള്ളം കേറിയിട്ടുണ്ട്. തീരപ്രദേശങ്ങളിൽ നിന്ന് ആളുകളെ മാറ്റിപ്പാർപ്പിച്ചുകൊണ്ടിരിക്കുകയാണ്.

കുട്ടനാട്ടില്‍ മഴയെ തുടര്‍ന്ന് താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. കൈനകരി, വേഴപ്ര, മാമ്പുഴക്കരി മേഖലകളിലെ നിരവധി വീടുകളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്..

മഴയെ തുടര്‍ന്ന് പാറശ്ശാല ഓഫിസിനുസമീപത്തെ റെയില്‍വേ ട്രാക്കിലേക്ക് മണ്ണിടിഞ്ഞു വീണു. മഴക്കെടുതി നേരിടാന്‍ തിരുവനന്തപുരത്ത് കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങളില്‍ 0471-2377702, 0471-2377706 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.