നാൽപതിനായിരം ലിറ്റർ മെഗാ പായസ ചലഞ്ചുമായി അഭയം ഡയാലിസിസ് സെന്റർ

Keralam News

മലപ്പുറം : നിർദ്ധരരായ രോഗികൾക്ക് സൗജന്യമായി ഡയാലിസിസ് സംവിധാനം ഏർപെടുത്തിയതിന്റെയും വിപുലീകരിക്കുന്നതിന്റെയും ഭാഗമായി നാൽപതിനായിരം ലിറ്റർ മെഗാ പായസ ചലഞ്ചുമായി തിരൂർ അഭയം ഡയാലിസിസ് സൊസൈറ്റി രംഗത്ത്‌. നവംബർ ഒൻപത് ചൊവ്വാഴ്ചയാണ് ഈ സംരംഭം ഒരുക്കുന്നത്. നാല് ലക്ഷം പേർക്ക് കഴിക്കാനാവിശ്യമായ പാലട പായസം 250ഓളം പാചകക്കാരാണ് തയ്യാറാകുന്നത്.

സ്നേഹതീരം വളണ്ടിയറിങ് വിങ്ങിന്റെ നേതൃത്വത്തിൽ , കോൺഫെഡറേഷൻ ഓഫ്‌ ആൾ കേരള കാറ്ററേഴ്സ് (CAKC) മലപ്പുറം ജില്ലാ കമ്മറ്റിയുടെ സഹകരണത്തോടെയാണ് പായസ ചലഞ്ച് സംഘടിപ്പിക്കുന്നത് . കഴിഞ്ഞ ഒൻപത് വർഷത്തോളമായി 54 പേർക്ക് അഭയം ഡയാലിസിസ് സെന്ററിൽ സൗജന്യമായി ഡയാലിസിസ് ചെയ്ത വരുന്നതിന് മാസം തോറും അഞ്ച് ലക്ഷം രൂപ ചിലവ് വരുന്നുണ്ട്.

മുൻകൂട്ടി ഓർഡർ ചെയ്യുന്ന പായസത്തിൽ നിന്നുള്ള വരുമാനം ഡയാലിസിസ് സെന്ററിന്റെ പ്രവർത്തന ഫണ്ടിലേക്കാണ് മാറ്റിവയ്ക്കുന്നത്. പ്രവർത്തന ഫണ്ടായി ഒരു കോടി രൂപയോളം സമാഹരിക്കുന്നതിലൂടെ ഡയാലിസിസുകളുടെ എണ്ണം നൂറിൽ എത്തിക്കാനാണ് ഇനി അഭയം ലക്ഷ്യമിടുന്നത്. അതിനാൽ തന്നെ ഈ പായസത്തിന്റെ മധുരത്തിന് ജീവന്റെ രുചിയുണ്ട്.

ഏഷ്യയിൽ ഇത്രയും വലിയ മെഗാ പായസം ചലഞ്ച് നടത്തുന്നത് ആദ്യമായിട്ടാണ്. ഇതിനകം ഇരുപത്തി അയ്യാരത്തോളം ലിറ്റർ പായസത്തിന് ഓർഡർ ലഭിച്ചിട്ടുണ്ട് .

ഇരുന്നൂറ്റിഅൻപത് രൂപയാണ് ഒരു ലിറ്റർ പായസത്തിന് വരുന്നതെന്ന് വാർത്താ സമ്മേളനത്തിൽ അഭയം ചെയർമാൻ പി കോയ, അഭയം പായസ ചലഞ്ച് ചെയർമാൻ നാസർ കുറ്റൂർ, പബ്ലിസിറ്റി കൺവീനർ ഷബീറലി റിഥം മീഡിയ, കോൺഫെഡറേഷൻ ഓഫ് ആൾ കേരള കാറ്ററേഴ്സ് (CAKC) മലപ്പുറം ജില്ലാ രക്ഷാധികാരി സി.കെ സുലൈമാൻ കുട്ടി, ജില്ലാ പ്രസിഡന്റ് പി.കെ ഷാഹുൽ ഹമീദ് , സംസ്ഥാന കോർഡിനേറ്റർ സി.പി ലത്തീഫ് എന്നിവർ പങ്കെടുത്തു.