പ്രദേശവാസികളുടെ മുന്നറിയിപ്പ് അവഗണിച്ചു ; വനമേഖയിലൂടെ യാത്രചെയ്ത പോലീസ് സുപ്രണ്ടിനും ഭാര്യയ്ക്കും കാട്ടാനയുടെ ആക്രമണം

India News

ഡല്‍ഹി: ഛത്തീസ്ഗഡിലെ പേന്ദ്ര വനമേഖയിലൂടെ യാത്രചെയ്യുകയായിരുന്ന പോലീസ് സുപ്രണ്ടിനിനും ഭാര്യയ്ക്കും നേരെ കാട്ടാനയുടെ ആക്രമണം. ഗുറേലാ-പേന്ദ്ര-മാര്‍വാഹി മേഖലയടങ്ങുന്ന ജില്ലയുടെ പോലീസ് സൂപ്രണ്ട് ത്രിലോക് ബന്‍സാലും ഭാര്യ ശ്വേതാ ബന്‍സാലുമാണ് കാട്ടാനക്കൂട്ടത്തിനടുത്തേക്ക് പോയി പണി ചോദിച്ചു വാങ്ങിയത്. ഗുരുതരമല്ലാത്ത പരിക്കുകളോടെ ഇരുവരും ആശുപത്രിയിലാണ്.

എസ്.പിക്കൊപ്പം 50 പേരുണ്ടായിരുന്നുവെന്നാണ് പ്രദേശവാസികള്‍ പറയുന്നു. 14 കാട്ടാനകള്‍ ഒരുമിച്ച്‌ നില്‍ക്കുന്നത് കണ്ടതോടെ ചിത്രങ്ങളെടുക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് ശക്തമായ ആക്രമണമുണ്ടായത്. കൂടെയുണ്ടായിരുന്നവര്‍ ചിതറിയോടി.

അന്നേ ദിവസം രണ്ടുപേരെ ആക്രമിച്ച രണ്ട് പിടിയാനകളെ പ്രദേശവാസികള്‍ ചൂണ്ടിക്കാട്ടിയിരുന്നിട്ടും മുന്നറിയിപ്പ് അവഗണിച്ചതാണ് എസ്. പി ക്ക് വിനയായത്.