ഐസ്‌ക്രീമില്‍ മദ്യം കലര്‍ത്തി വില്‍പന നടത്തിയ ഐസ്ക്രീം പാർലർ അടച്ചുപൂട്ടി

Crime India News

കോയമ്പത്തൂർ : ഐസ്‌ക്രീമിൽ മദ്യം കലർത്തി വിൽപ്പന നടത്തിയെന്ന നാട്ടുകാരുടെ പരാതിയിൽ കോയമ്പത്തൂര്‍ പാപനായ്ക്കര്‍ പാളയത്ത് പ്രവര്‍ത്തിച്ചിരുന്ന റോളിംഗ് ഡോ കഫെ എന്ന സ്ഥാപനം ഭക്ഷ്യ സുരക്ഷാ വിഭാഗം അടച്ചുപൂട്ടി. പരിശോധനയിൽ നിരവധി മദ്യക്കുപ്പികൾ കടയിൽ നിന്ന് കണ്ടെടുത്തു. ആളുകൾ ആവശ്യപ്പെടുന്നതിനനുസരിച്ച് വീര്യം കൂട്ടിയും കുറച്ചുമാണ് മദ്യം ഐസ്‌ക്രീമിൽ കലർത്തിയിരുന്നത്.

ഭക്ഷണം ഉണ്ടാക്കുന്ന ഭാഗം വൃത്തിഹീനമാണെന്നും കൊതുകും ഈച്ചകളും നിറഞ്ഞിരിക്കുന്നതായും പരിശോധനയില്‍ കണ്ടെത്തി. കടയിലെ ജീവനക്കാര്‍ക്ക് മെഡിക്കല്‍ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റുകൾ ഉണ്ടായിരുന്നില്ല. തലയില്‍ തൊപ്പി, കയ്യുറ, ഫേസ് മാസ്ക് തുടങ്ങിയവ ഉപയോഗിക്കുന്നില്ലെന്നും ഭക്ഷ്യ സുരക്ഷാ വിഭാഗം വ്യക്തമാക്കി.

സംഭവം ഏറെ വിവാദമായതോടെ കടയുടെ ലൈസന്‍സ് റദ്ദ് ചെയ്യാനും കട അടച്ചുപൂട്ടാനും തമിഴ്‌നാട് ആരോഗ്യമന്ത്രി സുബ്രഹ്മണ്യം ഉത്തരവിട്ടു.