നാട്ടുകാരുടെ ആരോപണത്തിൽ കഴമ്പില്ല ; അമ്പായത്തോടിൽ നിന്നും പിടിച്ചെടുത്ത മുട്ടകൾ ഒറിജിനൽ തന്നെ

Keralam News

കൊട്ടിയൂർ : കർണ്ണാടകയിൽ നിന്നും കച്ചവടത്തിനായി മലയോരത്ത് എത്തിച്ച താറാവ് മുട്ടകൾ വ്യാജമാണെന്ന നാട്ടുകാരുടെ പരാതിയിൽ കഴമ്പില്ലെന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് കണ്ടെത്തി. നാട്ടുകാർ തടഞ്ഞുവെച്ച മുട്ട വണ്ടിയിൽ നിന്നും പോലീസ് പിടികൂടിയ മുട്ടകൾ പരിശോധനക്ക് അയച്ചിരുന്നു. തുടർന്നുള്ള പരിശോധനാഫലത്തിൽ മുട്ടകൾ ഒറിജിനലാണെന്നാണ് തെളിഞ്ഞത്.

കൊട്ടിയൂര്‍ കണ്ട പനത്ത് താറാവ് മുട്ട വില്‍പ്പന നടത്തിയ വാഹനമാണ് കഴിഞ്ഞ ദിവസം പൊലിസുകാര്‍ ആദ്യം തടയാന്‍ ശ്രമിച്ചത്. ഒന്നിന് ആറു രൂപയെന്ന നിരക്കിലാണ് സംഘം താറാവ് മുട്ട വിൽക്കുന്നത്. ഇതേ സംഘം വില്‍പന നടത്തിയ ബൈക്ക് അടക്കമുള്ള മൂന്ന് വാഹനങ്ങള്‍ അമ്പായത്തോടിലും നാട്ടുകാര്‍ പിന്നീട് തടഞ്ഞു. വ്യാജ പ്ലാസ്റ്റിക്ക് മുട്ട വില്‍ക്കുന്നുവെന്നാരോപിച്ചായിരുന്നു വാഹനങ്ങള്‍ തടഞ്ഞുവെച്ചത്.

മറ്റുമുട്ടകളിൽ നിന്നും പ്രകടമായ വ്യത്യാസമുണ്ടെന്നായിരുന്നു ആരോപണം. മുട്ടയ്ക്കുള്ളിൽ മഞ്ഞക്കരുവും വെള്ളയും തമ്മിൽ വേർതിരിവില്ലെന്നും അതുകൊണ്ടുതന്നെ ഇത് ചൈനീസ് നിർമ്മിത പ്ലാസ്റ്റിക്ക് മുട്ടയാണെന്നുമായിരുന്നു വാദം. മുട്ട പൊട്ടിച്ചപ്പോള്‍ കലങ്ങിയ ഒരു ദ്രാവകം ഒഴുകി വരുന്നതായും തോടും വെള്ളയും തമ്മില്‍ വേര്‍തിരിക്കുമ്ബോള്‍ റബ്ബര്‍ പാട പോലെ പൊതിഞ്ഞിരിക്കുന്ന ഒരു ആവരണവും മുട്ടയ്ക്കുള്ളില്‍ കണ്ടെത്തിയിരുന്നു.

തുടര്‍ന്ന് കേളകം പൊലിസ് തടഞ്ഞുവെച്ച വാഹനങ്ങള്‍ സ്റ്റേഷനിലേക്ക് മാറ്റുകയും മുട്ടയുടെ സാമ്ബിളെടുത്ത് ജില്ലാ ഭക്ഷ്യ സുരക്ഷാ വകുപ്പിന് പരിശോധനയ്ക്കായി അയക്കുകയുമായിരുന്നു.