നാലുവർഷം മുന്നേ കളഞ്ഞുപോയ പാദസരം തിരിച്ചു കിട്ടിയത് അതേ ഓട്ടോയിൽ നിന്ന് ;അവിശ്വസനീയമായ സംഭവങ്ങൾ നടന്നത് മലപ്പുറത്ത്

Keralam News

നിലമ്പൂർ : നാല്‌ വർഷം മുന്നേ തന്റെ കുഞ്ഞിന്റെ സ്വർണ്ണപാദസരങ്ങൾ ഏതോ ഒരു ഓട്ടോയിൽ നഷ്ടപ്പെട്ടുപോയപ്പോൾ അതൊരിക്കലും തിരിച്ചു കിട്ടുമെന്ന് നിലമ്പൂർകാരിയായ അൻസ സ്വപ്നത്തിൽ പോലും വിചാരിച്ചു കാണില്ല. പക്ഷെ ദൈവം അൻസക്കായി കാത്തുവെച്ചത് മറ്റൊരു യാദൃച്ഛികതയാണ്. ഇത് അൻസയുടെയും ഓട്ടോക്കാരനായ ഹനീഫയുടെ സത്യസന്ധതയുടെയും കഥ.

കഴിഞ്ഞ ദിവസം നിലമ്പൂർ ആശുപത്രി റോഡിൽ നിന്ന് ഓട്ടോയിൽ കേറിയ അൻസ, വർഷങ്ങൾക്ക് മുന്നേ ഇതേപോലെയൊരു സാഹചര്യത്തിൽ തന്റെ മോളുടെ സ്വർണ്ണപാദസരങ്ങൾ നഷ്ടപ്പെട്ടുപോയത് ആകസ്മികമായി ഓർക്കുകയും ഓട്ടോക്കാരനായ ഹനീഫയോട് പങ്കുവെക്കുകയും ചെയ്യുന്നു. കുറേക്കാലം മുന്നേ തനിക്ക് ഓട്ടോയിൽ നിന്ന് കളഞ്ഞുകിട്ടിയത് ഇവരുടെ സ്വർണ്ണമാണെന്ന് തിരിച്ചറിഞ്ഞ ഹനീഫ അത്യാഹ്ലാദത്തോടെ അന്നുതന്നെ സ്വർണ്ണം ഉടമസ്ഥരെ തിരിച്ചേൽപ്പിക്കുന്നു. അവിശ്വസനീയമെന്ന് തോന്നിപ്പിക്കുന്ന ചിലത് ജീവിതത്തിൽ സംഭവിക്കുന്നത് ഇങ്ങനെയൊതൊക്കെയാണ്.

അൻസയുടെ ഫ്ലാഷ് ബാക്ക്

2017 ലാണ് അൻസക്ക് മോളുടെ കുഞ്ഞിപ്പാദസരങ്ങൾ നഷ്ടമാവുന്നത്. മോളുടെ എക്‌സ്റേ എടുക്കാൻ നേരം രണ്ട് പാദസരങ്ങളും ഊരിവെച്ച് കൊളുത്തിവെച്ചിരുന്നു. അതും കയ്യിൽ പിടിച്ചാണ് നിലമ്പൂർ ആശുപത്രി റോഡിൽ നിന്ന് ഓട്ടോയിൽ കയറിയതെന്ന് അൻസക്ക് നല്ല ഓർമ്മയുണ്ട്. പക്ഷെ തിരിച്ചു വീട്ടിലെത്തിയപ്പോൾ സ്വർണ്ണം കാണുന്നില്ല. ഏത് ഓട്ടോയിലാണ് കയറിയതെന്ന് ഓർമ്മയില്ല. പറ്റുന്ന പോലെയൊക്കെ അന്വേഷിച്ചു. പക്ഷെ ഒരു വിവരവും കിട്ടിയില്ല. തന്റെ പൊന്നോമനയുടെ സ്വർണ്ണം നഷ്ടപ്പെട്ടുവെന്ന് തന്നെ ഉറപ്പിച്ച അൻസ പതിയ അക്കാര്യം മറന്നു. പക്ഷെ ഒന്നരപ്പവന്റെ സ്വർണ്ണം നഷ്ടപ്പെട്ടതിന്റെ വേദന ഉള്ളിൽ തന്നെ കുടുങ്ങിക്കിടക്കുന്നുണ്ടായിരുന്നു.

ഹനീഫക്ക് പറയാനുള്ളത്..

പതിനെട്ടു വർഷമായി ഓട്ടോ ഓടിക്കുകയാണ് നിലമ്പൂർ രാമൻകുത്ത് ഹനീഫ. നാല്‌ വർഷം മുന്നേ വണ്ടിയുടെ പിന്നിലെ സീറ്റ് കഴിക്കുന്നതിനിടെ രണ്ട് കുഞ്ഞു സ്വർണ്ണക്കൊലുസ്സ് കളഞ്ഞുകിട്ടി. മാസങ്ങൾ കൂടുമ്പോഴേ സീറ്റ് കഴുകാറുള്ളൂവെന്നത് കൊണ്ടുതന്നെ എന്നാണ് വണ്ടിയിലിത് പെട്ടുപോയതെന്ന് വ്യക്തവുമാണ്. അപരിചിതരായ എത്രയോ പേര് ഓട്ടം പിടിക്കുന്നത് കൊണ്ട് ആരുടെതെന്ന് ഊഹിക്കാനും വയ്യ. യഥാർത്ഥ ഉടമസ്ഥർ എങ്ങനെയെങ്കിലും അന്വേഷിച്ചു വരുമെന്ന വിശ്വാസത്തിൽ ആ സ്വർണ്ണം ഹനീഫയും കുടുംബവും സൂക്ഷിച്ചു വെച്ചു. ലോക് ഡൌൺ സമയത്ത് അത്രമേൽ ബുദ്ധിമുട്ടിയിട്ടും ആ സ്വർണ്ണത്തിൽ തൊടാൻ പോയില്ല. പിന്നെ നടന്നതൊക്കെ അത്രമേൽ അവിശ്വസനീയം.

ഭാര്യയായ ഹസീനയും റിഷാൻ, റയാൻ എന്നീ രണ്ടുമക്കളും അടങ്ങുന്നതാണ് ഹനീഫയുടെ കുടുംബം