മാറ്റിവെച്ച കരൾ വീണ്ടും മാറ്റിവെച്ച് അത്യപൂർവ്വ ശസ്ത്രക്രിയ

Health India News

ഡൽഹി : ഇന്ത്യയിൽ ആദ്യമായി മാറ്റിവെച്ച കരൾ മാറ്റിവെച്ച് രോഗിയുടെ ജീവൻ രക്ഷപ്പെടുത്തി. ഡല്‍ഹിയിലെ മാക്‌സ് സാകേതിലെ സെന്റര്‍ ഫോര്‍ ലിവര്‍ ആന്‍ഡ് ബിലിയറി സയന്‍സിലെ ഡോക്ടര്‍മാരാണ് കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ കഴിഞ്ഞ് ദിവസങ്ങള്‍ക്ക് ശേഷം മസ്തിഷ്‌ക മരണം സംഭവിച്ച ആളുടെ കരള്‍ മറ്റൊരു രോഗിക്ക് മാറ്റിവച്ചത്. ഡല്‍ഹി സ്വദേശിയായ 54-കാരനാണ് കരൾ മാറ്റിവെച്ചത്. രോഗി ശസ്ത്രക്രിയക്ക് ശേഷം സുഖം പ്രാപിച്ചുവരുകയാണെന്ന് സെന്റര്‍ ഫോര്‍ ലിവര്‍ ആന്‍ഡ് ബിലിയറി സയന്‍സിന്റെ ചെയര്‍മാനായ ഡോ. സുഭാഷ് ഗുപ്ത പറഞ്ഞു.

ആദ്യം കരൾ സ്വീകരിച്ച രോഗിയ്ക്ക് ട്രാന്‍സ്പ്ലാന്റ് കഴിഞ്ഞ് ഒരാഴ്ചയ്ക്ക് ശേഷം തലച്ചോറില്‍ രക്തസ്രാവം ഉണ്ടാവുകയും തുടര്‍ന്ന് ഒക്ടോബര്‍ 5-ന് അദ്ദേഹത്തിന് മസ്തിഷ്‌ക മരണം സ്ഥിരീകരിക്കുകയായിരുന്നു. അതിനുശേഷം ഒക്ടോബര്‍ 6-ന് ഈ കരള്‍ തന്നെ വീണ്ടും മറ്റൊരു രോഗിയിലേക്ക് ശസ്ത്രക്രിയയിലൂടെ മാറ്റിവെയ്ക്കാന്‍ തീരുമാനിക്കുകയായിരുന്നു. ലോകത്ത് തന്നെ വളരെ കുറച്ച് എണ്ണം ശസ്ത്രക്രിയകൾ മാത്രമേ നടന്നിട്ടുള്ളൂ. ഇന്ത്യയിൽ ഇത് ആദ്യമാണ്.

കരള്‍ ദാതാവായ 44-കാരിയ്ക്ക് ഗുഡ്ഗാവിലെ ഫോര്‍ട്ടിസ് മെമ്മോറിയല്‍ റിസര്‍ച്ച്‌ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വെച്ച്‌ സെപ്തംബര്‍ 21-ന് രക്തസ്രാവത്തെ തുടര്‍ന്ന് മസ്തിഷ്‌ക മരണം സംഭവിക്കുകയായിരുന്നു. തുടർന്ന് യുവതിയുടെ കുടുംബം അവരുടെ ഹൃദയം, കരള്‍, വൃക്ക, കോര്‍ണിയ എന്നിവ ദാനം ചെയ്യാന്‍ സമ്മതപത്രം നല്‍കുകയും കരള്‍ ഗുഡ്ഗാവ് സ്വദേശിയായ 53 വയസ്സുകാരനിലേക്ക് മാറ്റിവെക്കുകയും ചെയ്യുകയായിരുന്നു.

53-കാരന്റെ കുടുംബം അദ്ദേഹത്തിന്റെ കരള്‍ ഉള്‍പ്പെടെയുള്ള അവയവങ്ങള്‍ മറ്റാരുടെയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ ഉപയോഗിക്കണമെന്ന് നിര്‍ബന്ധിച്ചു. നാഷണല്‍ ഓര്‍ഗന്‍ ആന്‍ഡ് ടിഷ്യു ട്രാന്‍സ്പ്ലാന്റേഷന്‍ ഓര്‍ഗനൈസേഷനെ (NOTTO) ഇക്കാര്യം അറിയിച്ചെങ്കിലും പുനരുപയോഗിച്ച കരള്‍ സ്വീകരിക്കാന്‍ ആശുപത്രികളൊന്നും മുന്നോട്ട് വന്നില്ലെന്ന് ഡോ. ഗുപ്ത പറയുന്നു.

മുമ്പ് ഉപയോഗിച്ച കരള്‍ ഉള്‍പ്പെടുന്ന ട്രാന്‍സ്പ്ലാന്റില്‍ വളരെയധികം അപകടസാധ്യതകളുണ്ട്. 54-കാരനായ ഡല്‍ഹിയില്‍ നിന്നുള്ള പുതിയ സ്വീകര്‍ത്താവിനോട് ഇതേക്കുറിച്ച്‌ വിശദീകരിച്ചിരുന്നുവെന്നും എന്നിട്ടും അദ്ദേഹം മുന്നോട്ട് പോകാന്‍ താല്‍പര്യം പ്രകടിപ്പിക്കുകയായിരുന്നുവെന്നും ഡോക്ടര്‍ ഗുപ്ത പറഞ്ഞു. വിജയകരമായ ശസ്ത്രക്രിയയ്ക്ക് ശേഷം രോഗിക്ക് ഇന്‍ട്രാക്രീനിയല്‍ ബ്ലീഡ് ഉണ്ടോയെന്ന് തന്റെ സംഘം നിരീക്ഷിച്ചു വരികയാണെന്നും ഡോക്ടര്‍ വ്യക്തമാക്കി.

ഈ അവയവമാറ്റത്തിന്റെ വിജയത്തോടെ അവയവമാറ്റത്തിനായി കാത്തിരിക്കുന്നവര്‍ക്ക് പുതിയ വാതില്‍ തുറക്കപ്പെട്ടതായി ഡോക്ടർ പ്രത്യാശ പ്രകടിപ്പിച്ചു.