മുറിയിലെ എ.സി പൊട്ടിത്തെറിച്ചുണ്ടായ തീപിടിത്തത്തിൽ ദമ്പതികൾ വെന്തുമരിച്ചു

India News

ചെന്നൈ : കിടപ്പുമുറിയിലെ എ.സി പൊട്ടിത്തെറിച്ച് തീപിടിച്ചുണ്ടായ അപകടത്തിൽ ദമ്പതികൾ വെന്തുമരിച്ചു. തമിഴ്‌നാട്ടിലെ മധുര ആനയൂർ എസ്‌.വി.പി നഗറിലെ ശക്തികണ്ണന്‍ (43), ഭാര്യ ശുഭ എന്നിവരാണ് മരണപ്പെട്ടത്. ഇന്നലെ പുലർച്ചെയാണ് അപകടം നടന്നത്.

എ.സിയിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട ദമ്പതികൾ മുറിയുടെ പുറത്തേക്ക് കടക്കാൻ ശ്രമിച്ചെങ്കിലും രക്ഷപ്പെടാനായില്ല. അഗ്നിശമനസേനയെത്തി തീ അണച്ച ശേഷം മൃതദേഹങ്ങൾ പുറത്തെടുക്കുകയായിരുന്നു.

ശക്തികണ്ണനും ഭാര്യയും മക്കളായ കാവ്യയും കാർത്തികേയനും ഒരുമിച്ച് ഒരേ റൂമിലാണ് വെള്ളിയാഴ്ച രാത്രി കിടന്നത്. എന്നാൽ എ.സിക്ക് തണുപ്പ് കൂടുതലാണെന്ന് പറഞ്ഞ മക്കൾ താഴത്തെ നിലയിലേക്ക് മാറി കിടക്കുകയായിരുന്നു. മുറിയിൽ പുക കണ്ട അയൽവാസികൾ മക്കളെ അറിയിച്ചപ്പോഴേക്കും മുറിയിൽ തീ പടർന്നിരുന്നു.

പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹങ്ങള്‍ സംസ്‌കരിച്ചു. അപകടത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് ആനയൂര്‍ പൊലീസ് പറഞ്ഞു.