അമ്മയോടൊപ്പം കടലുകാണാനെത്തിയ പതിനൊന്നുകാരി തിരമാലയിൽപെട്ടു മരിച്ചു അപകടം നടന്നത് കോഴിക്കോട്

Keralam Local News

കോഴിക്കോട്: കടലുകാണാൻ അമ്മയോടൊപ്പം ബീച്ചിലെത്തിയ പെൺകുട്ടി തിരമാലയിൽപ്പെട്ടു മരിച്ചു. മണിയൂര്‍ മുതുവന സ്വദേശിനി സനോമിയ(11) ആണ് മരിച്ചത്. ഇരിങ്ങലില്‍ കൊളാവിപാലത്ത് മിനിഗോവ എന്നറിയപ്പെടുന്ന ബീചില്‍ ഇന്നലെ വൈകുന്നേരമാണ് സംഭവം നടന്നത്.

അമ്മയോടൊപ്പം ബീച്ചിൽ നിൽക്കുന്നതിനിടയിൽ സനോമിയ അബദ്ധത്തിൽ വീഴുകയും അന്നേരം അപ്രതീക്ഷിതമായി ആഞ്ഞടിച്ചെത്തിയ തിരമാലയിൽപെടുകയുമായിരുന്നു. സമീപത്തുണ്ടായിരുന്ന മത്സ്യത്തൊഴിലാളികളായ ലാലുവും മുഹമ്മദും ചേർന്ന് കുട്ടിയെ രക്ഷപ്പെടുത്തി കരയ്‌ക്കെത്തിക്കുകയും ഉടനെത്തന്നെ വടകര സഹകരണ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. സനോമിയയുടെ നില വഷളായതിനാൽ കോഴിക്കോട്ടേക്ക് കൊണ്ടുപോയെങ്കിലും രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു.

മിനിഗോവയെന്ന് വിളിപ്പേരുള്ള ഈ ബീച്ചിൽ വിനോദ സഞ്ചാരത്തിന് നിരവധി പേർ എത്തുന്നുണ്ടെങ്കിലും ആവശ്യമായ സുരക്ഷാനടപടികളില്ലെന്ന് ആരോപണം ശക്തമാണ്. ഇതിനെതിരെ നാട്ടുകാരുടെ പ്രതിഷേധം ഉയരുന്നതിനിടയിലാണ് അപകടത്തില്‍പ്പെട്ട് കുട്ടി മരിക്കുന്നത്