മീന്‍ വളര്‍ത്താനായി വീടിനു സമീപം നിര്‍മിച്ച കുളത്തില്‍ വയോധികയെ മരിച്ച നിലയിൽ കണ്ടെത്തി

Keralam News

കിളിമാനൂര്‍: മീന്‍ വളര്‍ത്താനായി വീടിനടുത്ത് നിര്‍മിച്ച കുളത്തില്‍ വയോധികയെ മരിച്ച നിലയില്‍ കണ്ടെത്തി. പുളിമാത്ത് കോണത്തുവീട്ടില്‍ സുഭദ്ര അമ്മ (83) യാണ് മരിച്ചത്.
പുളിമാത്ത് ഭഗവതിക്ഷേത്രത്തിന് പുറകുവശത്തുള്ള വീടിന് സമീപത്തെ കുളത്തിലാണ് ഇന്നലെ വൈകീട്ട് 4.30 ന് മൃതദേഹം കണ്ടെത്തിയത്.

കുളിക്കാനായി പോയ അമ്മയെ ഏറെ വൈകിയിട്ടും കാണാത്തതിനെത്തുടര്‍ന്ന് മകന്‍ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. കാല്‍വഴുതി വീണതാകാമെന്നാണ് സംശയിക്കുന്നത്. കിളിമാനൂര്‍ പൊലീസ് തുടർ നടപടികള്‍ സ്വീകരിച്ചു.

മക്കള്‍: വിജയകുമാര്‍, പരേതനായ സുനില്‍കുമാര്‍. മരുമക്കള്‍: ലിസകുമാരി, ബീന.