സ്കൂളുകൾ തുറന്നാൽ ആദ്യം സമ്മർദ്ദമകറ്റാനുള്ള ക്ലാസുകൾ ;യൂണിഫോമും ഹാജരും നിർബന്ധമാക്കില്ല

Education Keralam News

തിരുവനന്തപുരം : നവംബറിൽ സ്കൂളുകൾ തുറക്കാനിരിക്കെ തുടക്കത്തിൽ പഠനഭാഗത്തിലേക്ക് കടക്കേണ്ടതില്ലെന്ന് തീരുമാനിച്ചു. ആദ്യ ദിവസങ്ങളിൽ കുട്ടികളുടെ സമ്മർദ്ദമകറ്റാനുള്ള ക്ലാസ്സുകളാവും നടത്തുക. സാവധാനം മാത്രമേ പാഠഭാഗത്തേക്ക് പ്രവേശിക്കുകയുള്ളൂ.

ക്വാളിറ്റി ഇമ്പ്രൂവ്മെന്റ് പ്രോഗ്രാം പദ്ധതിയുടെ യോഗത്തിലാണ് സുപ്രധാന തീരുമാനം കൈകൊണ്ടത്. ആദ്യ മാസം യൂണിഫോമും ഹാജരും നിർബന്ധമാക്കില്ല. പ്രൈമറി ക്ലാസ്സുകൾക്ക് വേണ്ടി ബ്രിഡ്ജ് കോഴ്സ് തയ്യാറാക്കാനും തീരുമാനമുണ്ട്. ആരോഗ്യ പ്രശ്നങ്ങളുള്ള കുട്ടികൾ സ്കൂളിലെത്തേണ്ടതില്ളെന്ന തീരുമാനം മുൻപ് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിരുന്നു.

സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട എല്ലാകാര്യങ്ങളുടെയും ജില്ലാതല ഏകോപനം ജില്ലാ കളക്ട്രർമാർക്കാണ്. പ്രധാന അദ്ധ്യാപകർ, ജനപ്രതിനിധികൾ തുടങ്ങിയവരുടെ യോഗം കളക്ട്രർമാർ വിളിച്ചു ചേർക്കും. കൂടാതെ സ്‌കൂൾ തലത്തിൽ ജാഗ്രതാ സമിതികൾക്കും രൂപം നൽകും.
സ്കൂൾ തുറക്കുന്നതിന് മുന്നേ എല്ലാ അധ്യാപകരും ജീവനക്കാരും വാക്സിൻ എടുത്തിരിക്കണം. സ്കൂൾ വാഹനങ്ങളുടെ നികുതി ഒരു വർഷത്തേക്ക് ഒഴിവാക്കിയിട്ടുണ്ട്. സ്വകാര്യ ബസ്സുകൾക്ക് നികുതി അടക്കാൻ ഡിസംബർ വരെ സമയം നീട്ടിക്കൊടുത്തു. വിദ്യാർത്ഥികൾക്കുള്ള കൺസെഷൻ തുടരുമെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.