പെരുന്നാള്‍ദിനത്തില്‍ മലപ്പുറം എടവണ്ണയില്‍ യുവാവ് ദൂരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍. കൊലപാതകമെന്ന് സൂചന

Breaking Crime Keralam Local

മലപ്പുറം : മലപ്പുറം എടവണ്ണയില്‍ യുവാവിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. എടവണ്ണ ചെമ്പകുത്ത് ജാമിഅ കോളേജിന് സമീപത്താണ് സംഭവം. എടവണ്ണ സ്വദേശി റിദാന്‍ ബാസിലിനെയാണ് (28) മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഇന്നലെ വീട്ടില്‍ നിന്നും ഇറങ്ങിയ റിദാനെ ഇന്ന് രാവിലെ ആയിട്ടും കാണാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ തിരച്ചിലിലാണ് എടവണ്ണ ജാമിഅ ക്യാമ്പസിന് സമീപത്തെ മലയില്‍ റിദാനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഇന്നലെ രാത്രി സുഹൃത്തിനോടൊപ്പം മലയില്‍ എത്തിയ ഇദ്ദേഹം സുഹൃത്ത് മടങ്ങിയതിനു ശേഷവും ഇവിടെത്തന്നെ തങ്ങിയിരുന്നു. റീദാന്‍ മലയില്‍ ഒറ്റയ്ക്കാണെന്ന് സുഹൃത്ത് റിദാന്റെ വീട്ടുകാരെ വിവരം അറിയിക്കുകയും ചെയ്തിരുന്നു. രാവിലെ ആയിട്ടും റിദാന്‍ വീട്ടില്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ തിരച്ചില്‍ നടത്തുകയായിരുന്നു.

റിദാന്റെ ശരീരത്തില്‍ വയറിലും, തലയിലും മുറിവേറ്റ പാടുകള്‍ ഉണ്ട്. നിലമ്പൂര്‍ ഡിവൈഎസ്പി സാജു കെ എബ്രഹാം, സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി ഗംഗാധരന്‍, എടവണ്ണ, നിലമ്പൂര്‍ പോലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരും സ്ഥലത്ത് പരിശോധന നടത്തി വരികയാണ്. ഫോറന്‍സിക് വിഭാഗം സ്ഥലത്തെത്തി പരിശോധന നടത്തിയതിനുശേഷം മൃതദേഹം മറ്റു നടപടിക്രമങ്ങള്‍ക്കായി മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റും.