ഇന്ത്യന്‍ ഭരണഘടനാ ശില്‍പ്പി ഡോ. ബി.ആര്‍ അംബേദ്കര്‍, മഹാത്മ അയ്യങ്കാളി, സ്മരണയെ
കാലിക്കറ്റ് യൂണിവേഴ്സിറ്റി അവഹേളിക്കുന്നു

Breaking News

മലപ്പുറം : ഡോ. അംബേദ്കര്‍ സ്വതന്ത്ര ചെയര്‍ സ്ഥാപിക്കുന്നതിനായുള്ള ദീര്‍ഘകാല പരിശ്രമങ്ങള്‍ നടത്തിയ ദളിത് സംഘടന പ്രവര്‍ത്തകരേയും, ദളിത് സമുദായത്തേയും തള്ളികളഞ്ഞുകൊണ്ട് ഡിപ്പാര്‍ട്ട്മെന്റലായി അംബേദ്കര്‍, അയ്യങ്കാളി ചെയര്‍ സ്ഥാപിക്കാനായി യൂണിവേഴ്സിറ്റി സിന്‍ഡിക്കേറ്റ് തീരുമാനം. ഇത് മഹാത്മാക്കളോടുളള ആദരവിനെ അവഹേളിക്കുന്നതാണണെന്ന് അംബേദ്കര്‍ ചെയര്‍ വെല്‍ഫെയര്‍ ട്രസ്റ്റ് മലപ്പുറത്ത് പത്രസമ്മേളനത്തില്‍ ആരോപിച്ചു.

ലോക ചരിത്രത്തില്‍ ആദ്യമായി രണ്ട് പ്രതിഭകളുടെ പേരില്‍ ചെയര്‍ തട്ടികൂട്ടുവാന്‍ തീരുമാനം എടുത്ത യൂണിവേഴ്സിറ്റി സിന്‍ഡിക്കറ്റ് അങ്ങേയറ്റം അനാദരം നിറഞ്ഞ തീരുമാനമാണ് കൈക്കൊണ്ടത്. ഡോ. അംബേദ്കര്‍ ചെയര്‍ സ്വതന്ത്രമായി സ്ഥാപിക്കാനുളള പദ്ധതി ദളിത് സംഘടനയുടെ ഭാഗത്ത് നിന്ന് തയ്യാറാക്കുകയും അതിനുള്ള ചിലവ് എസ്.സി/എസ്.ടി പ്ലാന്‍ ഫണ്ടില്‍ നിന്നും നല്‍കുന്നതിന് എന്‍.ഒ.സി ലഭിക്കുകയും ചെയ്ത സാഹചര്യത്തിലാണ് സിന്‍ഡിക്കേറ്റിന്റെ പുതിയ തീരുമാനം

അംബേദ്കര്‍ ചെയറിന് വേണ്ടി ദളിത് പ്രസ്ഥാനങ്ങള്‍, ദളിത് സംഘടനകള്‍ പദ്ധതികളും പരിപാടികളുമായി യൂണിവേഴ്സിറ്റിയെ സമീപിച്ചിട്ടുണ്ടെങ്കിലും അന്നൊക്കെ സിന്‍ഡിക്കേറ്റ് യോഗം ആവശ്യം നിരാകരിക്കുകയായിരുന്നു. സ്വതന്ത്ര അംബേദ്കര്‍ ചെയര്‍ യാഥാര്‍ത്ഥ്യമാകുന്നതിനും അതിലൂടെ സമൂഹത്തില്‍ നിരവധി അക്കാഡമിക്ക് സാമൂഹിക നവോത്ഥാന പഠന പരിപാടികളും ആവിഷ്‌ക്കരിക്കുന്നതിനായി അംബേദ്കര്‍ ചെയര്‍വെല്‍ഫെയര്‍ ട്രസ്റ്റ് മുന്‍കൈ എടുത്ത് പ്രവര്‍ത്തിച്ച് ഫലപ്രാപ്തിയില്‍ എത്തുന്നിടത്താണ് ഇത്തരമൊരു തീരുമാനം സിന്‍ഡിക്കേറ്റ് കൈക്കൊണ്ടത്. ഈ ലക്ഷ്യങ്ങളെല്ലാം അട്ടിമറിക്കുന്നതിനാണ് യൂണിവേഴ്സിറ്റി ഇപ്പോള്‍ തുനിയുന്നത്. ചരിത്ര ഡിപ്പാര്‍ട്ട്മെന്റില്‍ യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥികളെ മാത്രം ഉദ്ദേശിച്ച് കേവലമായി അംബേദ്കര്‍, അയ്യങ്കാളി എന്നിവരുടെ സ്മരണക്ക് വേണ്ടി ഒരു ചെയര്‍ സംയുക്തമായി നടപ്പിലാക്കുവാനാണ് ഇപ്പോള്‍ തീരുമാനം.
സ്ഥലമോ, കെട്ടിടമോ, സാമൂഹ്യബന്ധമോ ഇല്ലാത്ത ഒരു പദ്ധതിയാണിത്. ഡോ. അംബേദ്കര്‍ക്കും മഹാത്മാ അയ്യങ്കാളിക്കും പ്രത്യേകം പ്രത്യേകം സ്വതന്ത്ര ചെയറുകള്‍ നിലവില്‍ വരുത്തുവാനാണ് യൂണിവേഴ്സിറ്റി പ്രവര്‍ത്തിക്കേണ്ടത്. ഈ രണ്ട് മഹാ പ്രതിഭകളുടെ വ്യത്യസ്തമായ പ്രവര്‍ത്തന മണ്ഡലത്തെകുറിച്ച് സവിശേഷമായി പഠിക്കേണ്ട സാഹചര്യത്തെ നിരാകരിക്കുന്ന യൂണിവേഴ്സിറ്റി ദളിത് മുന്നേറ്റത്തോട് ചെയ്യുന്ന അനീതി കൂടിയാണിത്.

നാല് വര്‍ഷം മുമ്പ് സര്‍ക്കാറിലേക്കും കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലേക്കും മറ്റും നിവേദനം സമര്‍പ്പിച്ചതാണ്.
ആയതിനാല്‍ ട്രസ്റ്റ് മുന്നോട്ട് വെച്ച ലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കുന്നതിന് അംബേദ്കര്‍ ചെയര്‍ യൂണിവേഴ്സിറ്റിയില്‍ അടിയന്തിരമായി ആരംഭിക്കുന്നതിനുള്ള തീരുമാനമാണ് സിന്‍ഡിക്കേറ്റ് കൈക്കൊള്ളേണ്ടത്. തുടര്‍ന്ന് മഹാത്മാ അയ്യങ്കാളിയുടെ സാമൂഹ്യ നവോത്ഥാന പ്രവര്‍ത്തനങ്ങളെ പരിചയ പ്പെടുത്തുകയും അദ്ദേഹത്തിന്റെ ആശയങ്ങളെ ചര്‍ച്ച ചെയ്യുന്നതിനുളള മറ്റൊരു സ്വതന്ത്ര ചെയര്‍ നടപ്പില്‍ വരുത്തുന്നതിനേയും സിന്‍ഡിക്കേറ്റ് പരിശ്രമിക്കേണ്ടതാണ്. പത്രസമ്മേളത്തില്‍ അംബേദ്കര്‍ ചെയര്‍ വെല്‍ഫെയര്‍ ട്രസ്റ്റ് ഭാരവാഹികളായ ചെയര്‍മാന്‍ ഭാസ്‌ക്കരന്‍, സെക്രട്ടറി ശിവദാസന്‍, ട്രഷറര്‍ വേലായുധന്‍ പുളിക്കല്‍, രക്ഷാധികാരി ബാബുരാജ് കോട്ടക്കുന്ന് എന്നിവര്‍ പങ്കെടുത്തു.