സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയ്ക്ക് ‘പ്രധാനമന്ത്രി പോഷണ പദ്ധതി’യെന്ന പേര് നൽകി കേന്ദ്ര സർക്കാർ

Education India Keralam News

ന്യൂഡൽഹി : സർക്കാർ, എയ്ഡഡ് സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതി ‘പ്രധാനമന്ത്രി പോഷണ പദ്ധതി’യെന്ന പേരിൽ അറിയപ്പെടും. പദ്ധതി ബാലവാടികളിലേക്ക് കൂടി വ്യാപിപ്പിക്കാനാണ് കേന്ദ്രമന്ത്രിസഭയുടെ തീരുമാനം. നിലവിൽ ഒന്നുമുതൽ എട്ടുവരെയുള്ള ക്ലാസ്സുകളിലെ കുട്ടികൾക്കാണ് ഉച്ചഭക്ഷണ പദ്ധതിയുള്ളത്. ഇത് പുതിയ പദ്ധതിയിൽ ലയിപ്പിക്കുകയാണ് ചെയ്യുക. 5 വർഷത്തേക്കാണ് പദ്ധതി.

45,000 കോടി രൂപയുടെ ധാന്യങ്ങളും 54,062 കോടി രൂപയും കേന്ദ്രവിഹിതമായിരിക്കും. 31,733 കോടി രൂപ സംസ്ഥാനവിഹിതവും അടക്കം 1,30,795 കോടി രൂപയുടേതാകും പദ്ധതിയെന്ന് മന്ത്രി അനുരാഗ് ഠാക്കൂര്‍ പറഞ്ഞു. രാജ്യത്തെ 11.20 ലക്ഷം സ്‌കൂളുകളിലെ 11.80 കോടി കുട്ടികള്‍ക്കാണ് ഇതുവരെ ഉച്ചഭക്ഷണം നല്‍കിയിരുന്നത്. കേരളത്തിലെ അങ്കണവാടികളില്‍ നിലവില്‍ ഉച്ചഭക്ഷണം നല്‍കുന്നുണ്ട്.

സ്‌കൂളുകളില്‍ പോഷക സസ്യത്തോട്ടങ്ങള്‍ പദ്ധതി വ്യാപിപ്പിക്കുമെന്നും പദ്ധതിയുടെ ഓഡിറ്റ് എല്ലാ ജില്ലകളിലും നടത്തുമെന്നും മന്ത്രി അറിയിച്ചു.വയനാട് അടക്കമുള്ള ആസ്പിരേഷനല്‍ ജില്ലകളില്‍ അധിക പോഷകങ്ങള്‍ നല്‍കാനും പദ്ധതിയുണ്ട്. തദ്ദേശീയമായ പോഷകങ്ങളും പച്ചക്കറികളുമുപയോഗിച്ചുള്ള പാചക മല്‍സരങ്ങള്‍ ഗ്രാമതലം മുതല്‍ ദേശീയ തലം വരെ നടത്തുമെന്നും മന്ത്രി പറഞ്ഞു.