കോവിഡ് ബാധിച്ച് മരിച്ചവരുടെ ആശ്രിതർക്കുള്ള ധനസഹായം ;ഓൺലൈനായി അപേക്ഷിക്കുന്നത് എങ്ങനെയാണെന്ന് അറിയാം

Health Keralam News

തിരുവനന്തപുരം : കോവിഡ് ബാധിച്ച്‌ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 50,000 രൂപ അനുവദിച്ച്‌ സംസ്ഥാനസര്‍ക്കാര്‍ ഉത്തരവിറക്കിയതിന്റെ അടിസ്ഥാനത്തിൽ നഷ്ടപരിഹാരത്തിന് അപേക്ഷിക്കാൻ പ്രത്യേക പോർട്ടൽ വരുന്നു.
ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. നഷ്ടപരിഹാരം നേരിട്ട് അക്കൗണ്ടിലേക്ക് എത്തുകയാണ് ചെയ്യുക.
അപേക്ഷയിൽ ആവശ്യപ്പെടേണ്ടതായുള്ള വിവരങ്ങളൊക്കെ സംസ്ഥാന ദുരന്തനിവാരണ വകുപ്പ് നേരത്തെ തയ്യാറാക്കിയിട്ടുണ്ട്. പോർട്ടൽ നിലവിൽ വരുന്നതോടെ ധനസഹായങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കാനാകുമെന്നാണ് വിലയിരുത്തുന്നത്. സ്വന്തമായോ അടുത്തുള്ള അക്ഷയ കേന്ദ്രങ്ങൾ വഴിയോ കോവിഡ് ബാധിച്ച്‌ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് അപേക്ഷിക്കാനാവും.
പുതിയ മാനദണ്ഡങ്ങള്‍ കൂടി പരിഗണിച്ച് മരണപ്പട്ടികയിലുള്ള കൂട്ടിച്ചേര്‍ക്കലുകള്‍ കൂടി പൂര്‍ത്തിയാക്കിയതിന് ശേഷമാവും നഷ്ടപരിഹാര വിതരണം തുടങ്ങുക.
നഷ്ടപരിഹാരം അവകാശപ്പെടുന്ന ഉറ്റവരുടെ അര്‍ഹത വില്ലേജ് ഓഫീസര്‍മാരാവും ആദ്യം പരിശോധിക്കുക. പരിശോധനക്ക് ശേഷം അപേക്ഷകള്‍ തഹസില്‍ദാര്‍മാര്‍ക്കു കൈമാറും. പരാതിപരിഹാരത്തിന് പ്രത്യേക സംവിധാനമുണ്ടാവുമെന്നാണ് ബന്ധപ്പെട്ട അധികൃതർ വ്യക്തമാക്കുന്നത്.