പൂച്ച റോഡിന് കുറുകെ ചാടി;ബൈക്കിൽ നിന്ന് തെറിച്ചുവീണ വീട്ടമ്മ മരിച്ചു

Keralam News

പയ്യന്നൂര്‍: പൂച്ച റോഡിന് കുറുകെ ചാടിയതിനെ തുടര്‍ന്ന് നിയന്ത്രണംവിട്ട ബൈക്കിൽ നിന്ന് തെറിച്ചുവീണ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. രാമന്തളി കുന്നരു വടക്കേഭാഗത്തെ സി സാവിത്രി (49) ആണ് മരിച്ചത്. കണ്ടോത്ത് താമസിക്കുന്ന ബന്ധുവിന്റെ മരണവിവരമറിഞ്ഞ് മകന്‍ സനീഷിനൊപ്പം ബൈക്കിൽ പോകുമ്പോഴാണ് അപടമുണ്ടായത്. പയ്യന്നൂര്‍ പൊലീസ് സ്‌റ്റേഷന്‍ റോഡില്‍ മാളിന് സമീപത്ത് ഞായറാഴ്ച രാവിലെ 9.30 മണിയോടെയായിരുന്നു സംഭവം
റോഡില്‍ പൂച്ച കുറുകെ ചാടിയതോടെ പെട്ടെന്ന് ബ്രേക്ക് ചെയ്തതിനെത്തുടർന്ന് ബൈക്ക് തെന്നിപ്പോവുകയായിരുന്നു. പിറകിലിരുന്ന സാവിത്രി റോഡിലേക്ക് തെറിച്ചു വീഴുകയും ഉടനെത്തന്നെ പയ്യന്നൂരിലെ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകുകയും ചെയ്തു.
തുടർന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുതരാവസ്ഥയില്‍ തീവ്രപരിചരണ വിഭാഗത്തിലെ ചികിത്സക്കിടെ ഇന്നലെ രാത്രിയോടെയാണ് സാവിത്രി മരണത്തിന് കീഴടങ്ങിയത്.
ബൈക്ക് ഓടിച്ച സനീഷിന് നിസാര പരിക്കേറ്റു. മരിച്ച സാവിത്രിയുടെ ഭർത്താവ് കെ.പി.വി ബാലൻ. സനലാണ് മറ്റൊരു മകൻ. സഹോദരങ്ങള്‍: നാരായണന്‍ (ഡ്രൈവര്‍), കൃഷ്ണന്‍ (എഎസ്‌ഐ, എ ആര്‍ ക്യാമ്ബ്, കാസര്‍കോട്), പുഷ്പ.