ഒന്നാം വർഷ ഹയർസെക്കന്ററി, വൊക്കേഷണൽ പരീക്ഷകൾക്ക് ഇന്ന് തുടക്കം;വിദ്യാർത്ഥികൾക്ക് യൂണിഫോം നിർബന്ധമില്ല

Education Keralam News

സംസ്ഥാനത്ത് ഇന്ന് ഒന്നാം വർഷ ഹയർ സെക്കന്ററി, വൊക്കേഷണൽ പരീക്ഷകൾ ആരംഭിക്കും. സുപ്രീംകോടതി വരെ നീണ്ട നിയമ യുദ്ധത്തിന് ശേഷമാണ് പരീക്ഷകൾ നടത്തുന്നത്. സുപ്രീംകോടതിയിൽ കേരള സർക്കാർ നൽകിയ സത്യവാങ്മൂലങ്ങൾ പാലിക്കുന്ന തരത്തിലാകും പരീക്ഷയുടെ നടത്തിപ്പ്. കോവിഡ് മാനദണ്ഡങ്ങൾ പൂർണ്ണമായും അനുസരിക്കുന്ന തരത്തിൽ എല്ലാ കാര്യങ്ങളും സജ്ജമാക്കിയിട്ടുണ്ടെന്നാണ് സർക്കാർ പറയുന്നത്. അദ്ധ്യാപകരുടയും വിദ്യാർത്ഥികളുടെയും അഭ്യർത്ഥന മാനിച്ച് ഓരോ പരീക്ഷകൾക്കിടയിലും ഒന്ന് മുതൽ അഞ്ച് ദിവസം വരെയുള്ള ഇടവേളകൾ അനുവദിച്ചിട്ടുണ്ട്.

4.17 ലക്ഷം കുട്ടികളാണ് പരീക്ഷ എഴുതുന്നത്. പ്രാക്ടിക്കല്‍ ഇല്ലാത്ത വിഷയങ്ങള്‍ക്കു രാവിലെ 9.40 മുതല്‍ 12.30 വരെയാണ് പരീക്ഷാ സമയം. പ്രാക്ടിക്കല്‍ ഉള്ള വിഷയങ്ങള്‍ക്ക് 9.40 മുതല്‍ 12.00 വരെയുമാണ് പരീക്ഷ നടക്കുക. ഇതിൽ കൂള്‍ ഓഫ് ടൈമും ഉൾപ്പെടും. ഒക്ടോബര്‍ 18 നാണ് പ്ലസ് വണ്‍ പരീക്ഷകള്‍ അവസാനിക്കുക.. എന്നാൽ വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷകൾ ഒക്ടോബര്‍ 13ന് തന്നെ അവസാനിക്കും.

വിദ്യാര്‍ഥികള്‍ക്ക് ഒരു പ്രവേശന കവാടത്തിലൂടെ മാത്രമേ സ്‌കൂളിലേക്ക് പ്രവേശനം അനുവദിക്കൂ. സാനിറ്റൈസര്‍ നല്‍കാനും തെര്‍മല്‍ സ്‌കാനര്‍ ഉപയോഗിച്ച്‌ ശരീരോഷ്മാവ് പരിശോധിക്കാനുമുള്ള സംവിധാനം പ്രവേശന കവാടത്തില്‍ തന്നെ ഏര്‍പ്പെടുത്തിയിട്ടുണ്ട്. വിദ്യാര്‍ഥികള്‍ക്ക് യൂണിഫോം നിര്‍ബന്ധമാക്കിയിട്ടില്ല.

കോവിഡ് പോസിറ്റീവ് ആയ വിദ്യാര്‍ഥികള്‍ പരീക്ഷയ്ക്ക് ഹാജരാകുന്നുവെങ്കില്‍ വിവരം മുന്‍കൂട്ടി ആരോഗ്യപ്രവര്‍ത്തകരെ അറിയിക്കണമെന്ന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഈ കുട്ടികള്‍ക്കായി പ്രത്യേക ക്ലാസ് മുറികള്‍ സജ്ജീകരിച്ചിട്ടുണ്ട്. രോഗലക്ഷണമുള്ള വിദ്യാര്‍ഥികള്‍ക്കും പ്രത്യേകം ക്ലാസ് മുറികളില്‍ പരീക്ഷ എഴുതണം. ക്ലാസ് മുറികളില്‍ പേന, കാല്‍ക്കുലേറ്റര്‍ മുതലായവയുടെ കൈമാറ്റം അനുവദിക്കുന്നതല്ല.

പരീക്ഷയ്ക്കുള്ള ഒരുക്കങ്ങളുടെ ഭാഗമായി സ്കൂള്‍ പരിസരവും പരീക്ഷാ ഹാളുകളും കഴിഞ്ഞ ദിവസങ്ങളിലായി വൃത്തിയാക്കിയിരുന്നു. കുട്ടികളുടെ സുരക്ഷയുടെ ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരിനാണെന്ന് സുപ്രീംകോടതി തീർത്തു പറഞ്ഞ പശ്ചാത്തലത്തില്‍ വീഴ്ചകള്‍ ഇല്ലാതിരിക്കാനുള്ള വലിയ ശ്രമമാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നത്. സാമൂഹ്യ അകലം പാലിക്കുന്നതടക്കം എല്ലാ കാര്യങ്ങളും വളരെയധികം ശ്രദ്ധിച്ച്‌ കൊണ്ടാകും പരീക്ഷയുടെ നടത്തിപ്പ്.