കെ സുരേന്ദ്രനെ ബിജെപി സംസ്ഥാന അധ്യക്ഷ പദവിയിൽ നിന്നും മാറ്റാനൊരുങ്ങി കേന്ദ്രം; പകരമാരെന്നതിന് ഉത്തരമായില്ല

Keralam News Politics

കെ സുരേന്ദ്രനെ ബിജെപി സംസ്ഥാന അധ്യക്ഷ പദവിയിൽ നിന്നും മാറ്റി ഗ്രൂപ്പിനതീതനായ വേറൊരാളെ നിയമിക്കാനൊരുങ്ങി കേന്ദ്ര നേതൃത്വം. അതേസമയം കാലാവധി അവസാനിക്കുന്നത് വരെ പദവിയിൽ തുടരാൻ അനുവദിക്കണമെന്ന് കേന്ദ്ര നേതൃത്വത്തോട് കെസുരേന്ദ്രൻ ആവശ്യപ്പെട്ടിട്ടുണ്ട്.

പശ്ചിമ ബംഗാളിലെ സംസ്ഥാന അധ്യക്ഷനെ മാറ്റിയതിനു പിന്നാലെയാണ് കേരളത്തിലും മാറ്റം കൊണ്ടുവരുന്നത്. സംസ്ഥാന തലത്തിലെ പാർട്ടിയുടെ പുന:സംഘടന സംബന്ധിച്ച് ചർച്ച ചെയ്യാനാണ് ഡൽഹിയിലേക്ക് സുരേന്ദ്രനെ വിളിപ്പിച്ചത്. പാർട്ടിയുടെ ഏറ്റവും താഴെത്തട്ട് മുതൽ മാറ്റം കൊണ്ടുവന്ന് പാർട്ടിയെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനായുള്ള പദ്ധതികൾ സുരേന്ദ്രൻ അവതരിപ്പിച്ചിട്ടുണ്ട്. പക്ഷെ മഞ്ചേശ്വരം കോഴ കേസും, കൊടകര കുഴൽപണക്കേസും, നിയമസഭ തെരഞ്ഞെടുപ്പിലെ വലിയ പരാജയവും കണക്കിലെടുത്തു സുരേന്ദ്രനെ അടുത്ത് തന്നെ മാറ്റാനാണ് സാധ്യത.

സുരേന്ദ്രന് പകരം ആര് എന്ന ചോദ്യത്തിന് കേന്ദ്രത്തിന് ഇതുവരെ ഉത്തരം കിട്ടിയിട്ടില്ല. കൃഷ്ണദാസ് പക്ഷം ആർഎസ്എസിനും കൂടെ താല്പര്യമുള്ള സംസ്ഥാന ജനറൽ സെക്രട്ടറി എംടി രമേശ്, വൈസ് പ്രസിഡൻ്റ് എഎൻ രാധാകൃഷ്ണൻ എന്നിവരെ നിർദേശിച്ചിട്ടുണ്ട്. അതെ സമയം സുരേന്ദ്രൻ തന്നെ മതിയെന്നാണ് മുരളീധര പക്ഷം വാദിക്കുന്നത്.

ഈ വിഷയത്തിൽ തർക്കമുള്ളതിനാൽ ഗ്രൂപ്പിനതീതനായ നേതാക്കളെയാവും കേന്ദ്രം പരിഗണിക്കുക. സുരേഷ് ഗോപി, വത്സൻ തില്ലങ്കേരി എന്നിവരെ കുറച്ചുപേർ നിർദേശിച്ചിട്ടുണ്ട്. ഇതുവരെ ആദ്യഗസ്ത സ്ഥാനത്തേക്ക് പകരക്കാരനെ കിട്ടാത്തതിനാൽ സുരേന്ദ്രൻ ഡിസംബർ വരെ അധ്യക്ഷസ്ഥാനത്ത് തുടരും.