സ്വര്‍ണ്ണക്കടകളില്‍ വ്യാപക പരിശോധന നടത്തുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനക്കെതിരെ സ്വര്‍ണ വ്യാപാരികള്‍ രംഗത്ത്

News

സ്വര്‍ണ്ണക്കടകളില്‍ വ്യാപക പരിശോധന നടത്തുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനക്കെതിരെ സ്വര്‍ണ വ്യാപാരികള്‍ രംഗത്ത്. മറ്റുള്ള മേഖലകളിലൊന്നും പരിശോധന നടത്താതെ സ്വര്‍ണ്ണവ്യാപാരികളെ മാത്രം ല
ക്ഷ്യം വെക്കുന്നത് തങ്ങളോടുള്ള വെല്ലുവിളിയാണെന്നും വ്യാപാരികള്‍ ആരോപിച്ചു. കോവിഡ് കാലത്ത് വലഞ്ഞിരിക്കുന്ന വ്യാപാരികളെ കൂടുതല്‍ ദ്രോഹിക്കുന്ന സമീപനമാണ് ഇതെന്നും കേരള ഗോള്‍ഡ് ആന്റ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ആരോപിച്ചു.

നികുതി വരുമാനം വര്‍ദ്ധിപ്പിക്കാന്‍ വേണ്ടി സര്‍ക്കാര്‍ നടത്തുന്ന ഇത്തരം നീക്കങ്ങള്‍ വ്യാപാരികളുടെ സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നു കയറ്റമാണ്. സ്വര്‍ണ്ണക്കടകളിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ ജി.എസ്.ടി ഓഫീസിലും പോലീസ് സ്‌റ്റേഷനിലും ലഭ്യമാക്കുമെന്നാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ടുള്ളത്. എന്നാല്‍ മറ്റു മേഖലകള്‍ക്കൊന്നും ബാധകമല്ലാത്ത ഈ നിയമം തങ്ങള്‍ക്ക് മാത്രം ബാധകമാവുന്നതെങ്ങനെയെന്ന് വ്യാപാരികള്‍ ചോദിക്കുന്നു. കേരളത്തെ വ്യവസായ സൗഹൃദ സംസ്ഥാനമാക്കി മാറ്റുമെന്ന് പ്രഖ്യാപിച്ച മുഖ്യമന്ത്രി എന്തു കൊണ്ടാണ് ഇത്തരം നയങ്ങള്‍ പിന്തുടരുന്നത്. ഇത് വ്യാപാരികളെ നിരുത്സാഹപ്പെടുത്താനേ കാരണമാകൂ എന്നും കേരള ഗോള്‍ഡ് ആന്റ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പറഞ്ഞു.