ഹാക്കറിന്റെ വാദത്തെ തള്ളി ലിങ്ക്ഡ്ഇൻ; വ്യക്തി വിവരങ്ങൾ ചോർന്നിട്ടില്ല

News

ഉപഭോക്താക്കളുടെ വ്യക്തി വിവരങ്ങൾ ചോർത്തിയതായി ഹാക്കറുടെ വാദത്തെ തള്ളി ലിങ്ക്ഡ്ഇൻ. ഏകദേശം 70 കോടി ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർത്തിയതായാണ് ഹാക്കർ അവകാശപ്പെട്ടത്. എന്നാൽ അങ്ങനൊരു സംഭവം നടന്നിട്ടില്ലെന്നും ഏതൊരാൾക്കും ലഭിക്കാവുന്ന വിവരങ്ങളാണ് ഓൺലൈനിൽ വില്പനയ്ക് വെച്ചതെന്നും പ്രമുഖ സോഷ്യൽ നെറ്റ്‌വർക്കിങ് സേവനമായ ലിങ്ക്ഡ്ഇൻ അറിയിച്ചു.

ഉപഭോക്താക്കൾക്ക് തങ്ങളിൽ വിശ്വാസമുണ്ട്. വ്യക്തിവിവരങ്ങളല്ല ചോർത്തിയത്. ഓൺലൈൻ വില്പനയിൽ ലിങ്ക്ഡ്ഇൻ ഉൾപ്പടെ മറ്റു വെബ്സൈറ്റുകളിൽനിന്നുമെടുത്ത വിവരങ്ങളാണ് വെച്ചതെന്നും അത് തങ്ങൾ പരിശോധിച്ച് ഉറപ്പുവരുത്തിയിട്ടുണ്ടെന്നും കമ്പനി പറഞ്ഞു.

പ്രൊഫൈല്‍ യു.ആര്‍.എല്‍, യൂസര്‍നെയിം, ഇ-മെയില്‍ അഡ്രസ്, ശാരീരിക വിവരങ്ങള്‍, ഫോണ്‍ നമ്പര്‍, മറ്റ് സമൂഹ മാധ്യമ അക്കൗണ്ടുകളുടെ വിവരങ്ങൾ, വിലാസം, ഭൂമിശാസ്ത്രപരമായ വിവരങ്ങള്‍ ഇത്തരത്തിലുള്ള കാര്യങ്ങൾ ചോർത്തിയെന്ന് പറഞ്ഞാണ് ജൂൺ 22 ഹാക്കർ രംഗത്തെത്തിയത്. ലോകത്തുടനീളം 75.6 കോടി ഉപഭോക്താക്കളുള്ള ലിങ്ക്ഡ്ഇന്നിൽ നിന്നും 92 ശതമാനം വിവരങ്ങളെ ചോർത്തിയതായാണ് ഹാക്കർ അവകാശപ്പെട്ടത്. ഇത്തരം പ്രവർത്തികൾ നടന്നാൽ അതിനെതിരെ നടപടികൾ ഉണ്ടാകുമെന്നും കമ്പനി അറിയിച്ചു.