മൂന്നാക്കൽ പള്ളിവളപ്പിൽ നിന്ന്‌ ചന്ദനം മുറിച്ച് കടത്താൻ ശ്രമിച്ച പ്രതി ഒടുവിൽ നാട്ടുകാരുടെ പിടിയിലായി

Crime Local News

വളാഞ്ചേരി:എടയൂരിലെ പുരാതനമായ മൂന്നാക്കൽ ജുമാമസ്ജിദ് വളപ്പിൽ നിന്നും ചന്ദനം കടത്താൻ ശ്രമിച്ച മോഷ്ടാവിനെ നാട്ടുകാർ ചേർന്ന് പിടികൂടി പൊലിസിൽ ഏൽപ്പിച്ചു.മോഷ്ടാവ് വല്ലപ്പുഴ ചെറുകോട് ചേരൻ കുഴി വീട്ടിൽ ഇബ്രാഹിം (45) ആണ് പിടിയിലായത്. രണ്ടാഴ്ച മുമ്പ് പള്ളി വളപ്പിൽ നിന്ന് ചന്ദനം മുറിച്ച് കടത്തിയതായി‌ സംശയം തോന്നിയതിനെ തുടർന്ന് നാട്ടുകാർ മൂന്നാക്കൽ പള്ളിയിലെ വഖഫ് ബോർഡ് പ്രതിനിധിയെ വിവരമറിയിക്കുകയും ഇവർ നടത്തിയ തിരച്ചിലിൽ ചന്ദനം വെട്ടിയതായും ബാക്കിയുള്ള ചന്ദനം വെട്ടാനുള്ള തയ്യാറെടുപ്പിലായതായും കണ്ടെത്തിയിരുന്നു. സമീപത്ത് നിന്ന് വെട്ടാനുള്ള ആയുധവും കണ്ടെത്തിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ വളാഞ്ചേരി പൊലിസിനെ വിവരം അറിയിക്കുകയും നാട്ടുകാരായ രണ്ടു പേർ പള്ളിപ്പറമ്പിൽ കാവൽ നിന്ന് വരികയായിരുന്നു. ഇതിനിടെ ഇന്നലെ അർദ്ധരാത്രിയോടെയാണ് മോഷ്ടാവ് പള്ളിപ്പറമ്പിൽ എത്തിയത്. ബൈക്കിൽ എത്തിയ മോഷ്ടാവ് ആയുധവുമായി പള്ളിപ്പറമ്പിലെ ചന്ദനം വെട്ടി ചാക്കിൽ ആക്കി മടങ്ങി പോകുമ്പോൾ നാട്ടുകാർ ചേർന്ന് ഓടിച്ചിട്ട് പിടികൂടി വളാഞ്ചേരി പൊലിസിൽ ഏൽപിക്കുകയായിരുന്നു. പ്രതി മുമ്പും മോഷണം നടത്തിയതായി ചോദ്യം ചെയ്യലിൽ സമ്മതിച്ചതായി പൊലിസ് പറഞ്ഞു.പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു.