നിയന്ത്രണം വിട്ടു വൈദ്യുതി പോസ്റ്റിൽ ഇടിച്ച ഓട്ടോയിൽ കുടുങ്ങിയ ഡ്രൈവറെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി

Breaking Local News

മലപ്പുറം: നിയന്ത്രണം വിട്ടു വൈദ്യുതി പോസ്റ്റിൽ ഇടിച്ച ഓട്ടോയിൽ കുടുങ്ങിയ ഡ്രൈവറെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി. കളക്ടറേറ്റ് ബംഗ്ലാവിനു സമീപം താമരക്കുഴി റോഡിൽ ഇറക്കത്തിൽ നിർത്തിയ ഓട്ടോ നിയന്ത്രണം വിട്ടു പോസ്റ്റിൽ ഇടിച്ചു ഡ്രൈവർ അകത്തു കുടുങ്ങുകയായിരുന്നു.ബുധനാഴ്ച രാവിലെ പത്ത് മണിയോടെ ആണ് സംഭവം.മലപ്പുറം കോഡൂർ സ്വദേശി മുരിങ്ങക്കൽ അബ്ദുള്ളയാണ് അപകടത്തിൽപെട്ടത്.കുത്തനെയുള്ള ഇറക്കത്തിൽ നിർത്തിയ ഓട്ടോ താഴേക്ക് നീങ്ങിയപ്പോൾ അബ്ദുള്ള ഓട്ടോയിലേക്ക് ചാടി കയറുകയായിരുന്നു.നിയന്ത്രണം നഷ്ടപ്പെട്ടു അതിവേഗത്തിൽ താഴേക്ക് നീങ്ങിയ ഓട്ടോ പോസ്റ്റിൽ ഇടിച്ചു നിന്നു.ഇടിയുടെ ആഘാതത്തിൽ ഡ്രൈവറുടെ കാൽ പാദം ക്യാബിനിലെ സി എൻ ജി സിലിണ്ടറിനിടയിൽ ഞെരുങ്ങിയമർന്നു.സിലിണ്ടർ പൊട്ടിത്തെറിക്കാൻ സാധ്യത ഉള്ളതിനാൽ ചുറ്റും കൂടിയ ജനങ്ങൾ പരിഭ്രാന്തരായിരുന്നു. സ്ഥലത്തു എത്തിയ മലപ്പുറം അഗ്നി രക്ഷാ സേന ഹൈഡ്രോളിക് കട്ടർ ഉപയോഗിച്ച് ഓട്ടോ വെട്ടിപൊളിച്ചെടുത്ത് ഡ്രൈവറെ രക്ഷപ്പെടുത്തി.സി എൻ ജി ഇന്ധനത്തിൽ പ്രവർത്തിക്കുന്ന ഓട്ടോ ആയതിനാൽ ക്യാബിനിൽ കുടുങ്ങിയ സിലിണ്ടറിന് അപകടം സംഭവിക്കാതെ അര മണിക്കൂറോളം സൂക്ഷമ മായ പരിശ്രമത്തിലൂടെ ആണ് ഡ്രൈവറെ രക്ഷപെടുത്തിയത്. കാലിനു സാരമായ പരിക്കേറ്റതിനാൽ മഞ്ചേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. മലപ്പുറം അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ആർ സജീവ് കുമാറിന്റെ നേതൃത്വത്തിൽ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ എം പ്രദീപ് കുമാർ, ഫയർ ഓഫീസർമാരായ , ടി കെ നിഷാന്ത്, കെ പി ഷാജു, മുഹമ്മദ്‌ ഷെഫീഖ്,കെ സി മുഹമ്മദ്‌ ഫാരിസ്,കെ പി ജിഷ്ണു, വി എസ് അർജുൻ, ഹോം ഗാർഡ് പി രാജേഷ് തുടങ്ങിയവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.