ചക്രസ്തംഭന സമരം വന്‍ വിജയം; പൊതുജന പങ്കാളിത്തം ശ്രദ്ധേയം

News

അനുദിനം വര്‍ധിച്ചു കൊണ്ടിരിക്കുന്ന ഇന്ധന വിലയില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തുടനീളം നടന്ന ചക്രസ്തംഭന സമരം വന്‍ വിജയമായി. ഓടിക്കൊണ്ടിരിക്കുന്ന വാഹനങ്ങള്‍ രാവിലെ 11 മണി മുതല്‍ 11.15 വരെ റോഡില്‍ എവിടെയാണോ അവിടെ തന്നെ നിര്‍ത്തിയിട്ട് പ്രതിഷേധിക്കുക എന്നതായിരുന്നു സമര രീതി. വന്‍ പങ്കാളിത്തമാണ് സമരത്തിനുണ്ടായത്. സമരം ആഹ്വാനം ചെയ്ത സംഘടനകള്‍ മാത്രമല്ല, റോഡില്‍ ഉണ്ടായിരുന്ന പൊതു ജനങ്ങളും പ്രതിഷേധത്തില്‍ പങ്കാളികളായി. അനിയന്ത്രിതമായി ഉയര്‍ന്നു കൊണ്ടിരിക്കുന്ന ഇന്ധനവിലക്കെതിരെ വലിയ പ്രതിഷേധമാണ് നിലവിലുള്ളത്. കോവിഡ് മഹാമാരി രാജ്യത്തെ പിടിച്ചു കുലുക്കുമ്പോഴും കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ ഇന്ധനവില പിടിച്ചു നിര്‍ത്താന്‍ ഒന്നും ചെയ്യാത്തതാണ് തങ്ങള്‍ ഇങ്ങനെയൊരു സമരത്തിനു മുന്നിട്ടിറങ്ങിയതെന്ന് എഫ്.ഐ.ടി.യു ജില്ലാ പ്രസിഡന്റ് കൃഷ്ണന്‍ കുനിയില്‍ പറഞ്ഞു.

കേന്ദ്ര സര്‍ക്കാറിന്റെ നയങ്ങള്‍ സാധാരണക്കാരെയാകെ ബാധിക്കുന്നുണ്ട്. അതിനെതിരെയാണ് ഈ സമരമെന്ന് ബി.സി.എല്‍.യു ജില്ലാ സെക്രട്ടറി ടി. അഫ്‌സല്‍ പറഞ്ഞു. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ നിഷ്‌ക്രിയമായിയിരിക്കുന്നതാണ് ഇന്ധനവില വര്‍ധനവിനു കാരണമെന്ന് ട്രേഡ് യൂണിയനുകള്‍ കുറ്റപ്പെടുത്തി. ഇരു സര്‍ക്കാറുകളും ഭീമമായ നികുതിയാണ് ഇന്ധനത്തിനു ഈടാക്കുന്നത്. പരസ്പരം പഴി ചാരുന്നതല്ലാതെ കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകള്‍ നികുതി ഒഴിവാക്കാനോ ഇന്ധന വില കുറക്കാനോ ക്രിയാത്മകമായ ഒന്നും ചെയ്യുന്നില്ലെന്ന് ഇവര്‍ പറഞ്ഞു.