മൂന്നാം തരംഗത്തിനെ നേരിടാൻ ആശുപത്രികളിൽ പീഡിയാട്രിക് വാര്‍ഡുകളും ഐസിയുകളും ഒരുക്കുന്നു

Health Keralam News

തിരുവനന്തപുരം: കോവിഡ് മൂന്നാം തരംഗത്തിനു മുന്നോടിയായി സംസ്ഥാനത്തെ 48 ആശുപത്രികളില്‍ പീഡിയാട്രിക് വാര്‍ഡുകളും ഐസിയുകളും തയ്യാറാക്കുമെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. 96 ഐ.സി.യു. കിടക്കകളും 158 എച്ച്‌.ഡി.യു. കിടക്കകളുമടക്കം മൊത്തം 744 കിടക്കകളാണ് ഇതിനായി ഒരുക്കുന്നതെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് വ്യക്തമാക്കി. മൂന്നുമാസം കൊണ്ട് തന്നെ ഇതിലെ 60 ശതമാനത്തോളം തയ്യാറെടുപ്പുകളും പൂർത്തിയാക്കുവാനുള്ള നിർദേശം ആരോഗ്യ വകുപ്പിന് മന്ത്രി നൽകിയിട്ടുണ്ട്.

ഈ തയ്യാറെടുപ്പുകൾ കൂടാതെ സംസ്ഥാനത്തെ ആശുപത്രികളിലെ ഐസിയു, ഓക്സിജന്‍ കിടക്കയുടെ എണ്ണം കൂട്ടുന്നുണ്ട്. ഓക്സിജന്റെ ലഭ്യതയും ഉറപ്പാക്കുന്നുണ്ട്. സ്റ്റേറ്റ് കോവിഡ് കണ്‍ട്രോള്‍ റൂം സന്ദർശിച്ചതിനു ശേഷം ചേർന്ന അവലോകന യോഗത്തിലാണ് മന്ത്രി ഈ കാര്യങ്ങൾ അറിയിച്ചത്. കോവിഡിനെ തോൽപ്പിക്കുന്നതിന് ആത്മാർത്ഥമായ സേവനം ചെയ്യുന്ന സംസ്ഥാന തലത്തിലെയും ജില്ലാതലത്തിലേയും കണ്‍ട്രോള്‍ റൂമിലെ മുഴുവൻ പ്രവർത്തകരെയും മന്ത്രി അഭിനന്ദിക്കുകയും ചെയ്തു.

2020 ജനുവരി 30നായിരുന്നു കേരളത്തിൽ ആദ്യമായി കോവിഡ് റിപ്പോർട്ട് ചെയ്തത്. എന്നാൽ അതിനും മുൻപ് ജനുവരി 24ന് തന്നെ സംസ്ഥാനത്ത് കോവിഡ് കണ്‍ട്രോള്‍ റൂം പ്രവർത്തനം ആരംഭിച്ചിരുന്നു. ആ ദിവസം മുതൽ കഴിഞ്ഞ ഒന്നര വർഷത്തോളമായി വിശ്രമമില്ലാതെയാണ് കണ്‍ട്രോള്‍ റൂം പ്രവർത്തിക്കുന്നത്.