വ്യാപക പ്രതിഷേധത്തെ തുടര്‍ന്ന് തിരുവല്ല കൊല്ലം ബൈപാസ് ടോള്‍ നിര്‍ത്തിവെച്ചു

News

കൊല്ലം: വ്യാപകമായ പ്രതിഷേധത്തെ തുടര്‍ന്ന് കൊല്ലം തിരുവല്ല ബൈപാസ് ടോള്‍ നിര്‍ത്തി വെച്ചു. റോഡ് പണി പൂര്‍ത്തിയാക്കാതെ ടോള്‍ പിരിക്കാന്‍ തുടങ്ങിയതാണ് വിവാദങ്ങള്‍ക്ക് വഴി വെച്ചത്. കോണ്‍ഗ്രസ് സി.പി.എം പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധത്തെ തുടര്‍ന്നാണ് ദേശീയ പാത അഥോറിറ്റി അനിശ്ചിത കാലത്തേക്ക് ടോള്‍ പിരിവ് നിര്‍ത്തി വെക്കാന്‍ തീരുമാനിച്ചത്.

നിലവില്‍ ദേശീയ പാത അഥോറിറ്റി ടോള്‍ പിരിക്കുന്ന റോഡ് പഴയ റോഡാണ്. ഈ അടുത്ത് റോഡിന്റെ ഇരു വശവും റോഡിന്റെ വീതി കൂട്ടിയിരുന്നു. അതിനു വേണ്ടിയാണ് ഇപ്പോള്‍ ടോള്‍ പിരിക്കുന്നത്. അത് അംഗീകരിക്കാനാവില്ല. റോഡിന്റെ പണി മുഴുവന്‍ പൂര്‍ത്തിയാക്കിയ ശേഷം മാത്രമേ ടോള്‍ പിരിക്കാന്‍ പാടുള്ളൂ. കൂടാതെ ടോളിനു 25 കിലോമീറ്റര്‍ ചുറ്റളവില്‍ ഉള്ളവര്‍ക്ക് സൗജന്യ പാസ് നല്‍കുകയും വേണമെന്നും പ്രതിഷേധക്കാര്‍ പറയുന്നു.

ജില്ലാ ഭരണകൂടവുമായി ചര്‍ച്ച നടത്തിയതിനു ശേഷം മാത്രമേ ഇനി ടോള്‍ പിരിവ് പുനരാരംഭിക്കുള്ളൂവെന്ന് ദേശീയ പാത അഥോറിറ്റി പറയുന്നു. നിലവിലെ ടോള്‍ നിരക്ക് പ്രകാരം കാര്‍, ജീപ്പ്, വാന്‍ എന്നിവക്ക് ഒരു വശത്തേക്ക് 70 രൂപയും ബസ്, ട്രക്ക് എന്നിവക്ക് ഒരു വശത്തേക്ക് ഒരു വശത്തേക്ക് 235 രൂപയുമാണ് നല്‍കേണ്ടത്. ടോളിന്റെ 25 കിലോമീറ്റര്‍ ചുറ്റളവില്‍ താമസിക്കുന്നവര്‍ക്ക് 280 രൂപയാണ് ഒരു മാസത്തേക്ക് പാസ്സിനായി ഈടാക്കിയിരുന്നത്.