വിവാഹമുറപ്പിച്ച് പിറ്റേ ദിവസം ഭാവി വധുവിനെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ

Crime Keralam News

മൂവാറ്റുപുഴ: വിവാഹം നിശ്ചയിച്ചതിന്റെ തൊട്ടടുത്ത ദിവസം ഭാവി വധുവിനെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ യുവാവിനെ പോലീസ് അറസ്റ് ചെയ്തു. ചെങ്ങമനാട് സ്വദേശിയും ആലുവ ദേശത്തെ ബാങ്ക് ഉദ്യോഗസ്ഥനുമായ അനന്തകൃഷ്ണനെതിരയാണ് യുവതി വനിതാ ഹെല്പ് ലൈനിലൂടെ പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ വാഴക്കുളം പോലീസ് കേസെടുത്ത് പ്രതിയെ അറസ്റ് ചെയ്യുകയായിരുന്നു.

മെയിലായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞിരുന്നത്. ഇത് കഴിഞ്ഞ് തൊട്ടടുത്ത ദിവസം മാതാപിതാക്കൾ ഇല്ലാത്ത നേരത്ത് യുവതിയുടെ വീട്ടിലെത്തിയ യുവാവ് കടന്നു പിടിക്കുകയും പീഡിപ്പിക്കാൻ ശ്രമിച്ചെന്നുമാണ് പരാതിയിൽ പറയുന്നത്. യുവതി ശക്തമായി പ്രതിരോധിച്ചതിനാൽ ഇയാൾ മടങ്ങി പോയെന്നും പരാതിയിലുണ്ട്.

ഇതിനുശേഷം ജോലി വാങ്ങിതരാമെന്ന് ഉറപ്പു നൽകി ജൂലായ് 30ന് യുവതിയിൽ നിന്ന് 50,000 രൂപ ഇയാൾ വാങ്ങുകയും വിവാഹത്തിന് സ്ത്രീധനമായി 150 പവന്‍ സ്വര്‍ണവും കാറും ആവശ്യപ്പെടുകയും ചെയ്‌തെന്ന് പരാതിയിൽ വിശദമാക്കുന്നുണ്ട്. ചോദിച്ച സ്ത്രീധനം തന്നില്ലെങ്കിൽ വിവാഹത്തിൽ നിന്നും ഒഴിയുമെന്നായിരുന്നു ഇയാളുടെ ഭീഷണി.

പരാതി പ്രകാരം പീഡന ശ്രമത്തിനും സ്ത്രീധന നിരോധന നിയമ പ്രകാരമുള്ള കുറ്റത്തിനുമാണ് പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നത്. അറസ്റ്റു ചെയ്ത പ്രതിയെ മൂവാറ്റുപുഴ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരിക്കുകയാണ്.