താലിബാനെതിരെ പ്രതിഷേധിച്ചവർക്കു നേരെ വെടിയുതിർത്തു

Crime International News

അഫ്ഗാനിസ്ഥാൻ പതാക തന്നെ ഓഫീസുകളിൽ തുടർന്നാൽ മതിയെന്ന് ആവശ്യപ്പെട്ടുകൊണ്ട് തെരുവിലിറങ്ങി പ്രതിഷേധിച്ചവർക്കെതിരെ താലിബാൻ വെടിയുതിർത്തു. താലിബാന്റെ പതാക ബഹിഷ്കരിച്ച് അഫ്ഗാൻ പതാകയുമായി പ്രതിഷേധം നടത്തിയവർക്കെതിരെയാണ് വെടിവെപ്പുണ്ടായത്. ഇതിൽ എത്ര ആളുകൾ മരിച്ചെന്നോ എത്ര ആളുകൾക്ക് പരിക്ക് പറ്റിയിട്ടുണ്ടെന്നോ വ്യക്തമായിട്ടില്ല. വെടിവെപ്പിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങൾ വഴി പ്രചരിക്കുന്നുണ്ട്.

താലിബാനെതിരെയായി അഫ്ഗാനിസ്ഥാന്റെ പലയിടങ്ങളിൽ പ്രതിഷേധം ഉണ്ടാവുന്നുണ്ട്. താലിബാനെതിരെ പരസ്യമായി ഒരു പറ്റം യുവതികൾ ഇന്ന് പ്രതിഷേധപ്രകടനം നടത്തിയിരുന്നു. രാജ്യം താലിബാൻ പിടിച്ചെടുത്തതിന് ശേഷമുള്ള ആദ്യത്തെ പരസ്യ പ്രതിഷേധമായിരുന്നിത്. രാജ്യത്തെ പുരുഷന്മാർക്കുള്ള എല്ലാ അവകാശങ്ങളും തങ്ങൾക്കും വേണമെന്നും സമത്വം നടപ്പിലാക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് സ്ത്രീകൾ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചത്. ആയുധവുമായി നിൽക്കുന്ന താലിബാൻ ഭീകരവാദികൾക്കു മുന്നിലാണ് ഇവർ പ്രതിഷേധം നടത്തിയത്.

എന്നാൽ ഇനിയൊരു യുദ്ധത്തിന് താലിബാൻ ഇല്ലെന്നും സമാധാനമാണ് ലക്ഷ്യം വെയ്ക്കുന്നതെന്നും അഫ്ഗാനിസ്ഥാൻ സ്വന്തമാക്കിയതിന് ശേഷം നടത്തിയ ആദ്യത്തെ വാർത്തസമ്മേളനത്തിൽ താലിബാൻ വക്താവ് പറഞ്ഞു. മുൻപ് തങ്ങളുമായി യുദ്ധം നടത്തിയവരോട് ക്ഷമിച്ചെന്നും അഫ്ഗാനിസ്ഥാനിലെ ആരെയും ഉപദ്രവിക്കില്ലെന്നും ശരിഅത്ത് നിയമം അനുസരിച്ചുള്ള സ്ത്രീകളുടെ അവകാശം ഉറപ്പു വരുത്തുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.