ഓട്ടോയില്‍ കടത്താന്‍ ശ്രമിച്ച 18 ലിറ്റര്‍ വിദേശ മദ്യവുമായി ഒരാള്‍ നിലമ്പൂരില്‍ പിടിയില്‍

Local News

നിലമ്പൂര്‍: ഓട്ടോയില്‍ കടത്താന്‍ ശ്രമിച്ച 18 ലിറ്റര്‍ വിദേശ മദ്യവുമായി ഒരാളെ നിലമ്പൂരില്‍ എക്‌സൈസ് പിടികൂടി.
ഓണം സ്‌പെഷല്‍ ഡ്രൈവിന്റെ ഭാഗമായി നിലമ്പൂര്‍ എക്‌സൈസ് റേഞ്ച് വിഭാഗം നടത്തിയ പരിശോധനയിലാണ്
കെ എന്‍ ജി റോഡില്‍ വച്ച് പോരൂര്‍ അയനിക്കോട് താഴേപറമ്പന്‍ വീട്ടില്‍ മുഹമ്മദ് ഹനീഫ (45) പിടിയിലായത്. നിയമാനുസരണം കൈവശം വയ്ക്കാവുന്നതിലും കൂടുതല്‍ അളവ് ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യം വില്‍പ്പന ലക്ഷ്യമിട്ട് ഓട്ടോറിക്ഷയില്‍ കടത്തിയതിനാണ് അബ്കാരി നിയമ പ്രകാരം ഇയാള്‍ക്കെതിരെ കേസെടുത്തത്. നിലമ്പൂര്‍ എക്സൈസ് റേഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ എം. ഹരികൃഷ്ണന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍ രാകേഷ് ചന്ദ്രന്‍, ഡ്രൈവര്‍ കെ. രാജീവ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. നിലമ്പൂര്‍ കേന്ദ്രീകരിച്ച് ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യം ബിവറേജസ് ഔട്ട്‌ലെറ്റുകളില്‍ നിന്നു വാങ്ങി വന്‍ തുക ലാഭത്തില്‍ വില്‍പ്പന നടത്തുന്നവരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്. ഇയാള്‍ പിടിയിലാകുമ്പോള്‍ ബിവറേജ്‌സ് ഔട്ട്‌ലെറ്റില്‍ നിന്നു അടിച്ചു കൊടുത്ത 10 ബില്ലുകളും ഉണ്ടായിരുന്നു. ബിവറേജ്‌സ് ഔട്ട്‌ലെറ്റിലെ ഒരു വനിതാ ജീവനക്കാരിയുടെ ഉള്‍പ്പെടെ ഒത്താശയോടെയാണ് ഇത്രയും ബില്ലുകള്‍ ലഭിച്ചതെന്നും ഇയാള്‍ മൊഴി നല്‍കിയിട്ടുണ്ട്. ഒരു ബില്ലിന് 100 രൂപ പ്രകാരം ജീവനക്കാര്‍ക്ക് നല്‍കുന്നുണ്ടെന്നും ഇയാള്‍ മൊഴി നല്‍കിയതായി എക്‌സൈസ് അധികൃതര്‍ പറഞ്ഞു. ആറാമത്തെ ബില്ലില്‍ മദ്യം വാങ്ങുമ്പോഴാണ് ഇയാള്‍ പിടിയിലായത്.