പരിയാപുരത്തെ കിണറുകൾ ഏത് നിമിഷവും കത്തും; വിദഗ്ധസംഘം തിങ്കളാഴ്ച എത്തും

Local News

മലപ്പുറം : ടാങ്കർലോറി അപകടത്തെ തുടർന്ന് കിണറുകളിൽ ഡീസൽ കലർന്ന് വെള്ളം മലിനമായ പരിയാപുരത്ത്
അടിയന്തര ഇടപെടലുമായി ജില്ലാ ഭരണകൂടം. ഇന്നലെ ഡെപ്യൂട്ടി കളക്ടർ (ദുരന്ത നിവാരണം) എസ്.എസ്. സരിൻ അധ്യക്ഷത വഹിച്ച ഓൺലൈൻ യോഗത്തിൽ എ ഡി എം എൻ.എം.മെഹറലിയും ജില്ലയിലെ വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു. പരിയാപുരം നിവാസികളുടെ ആശങ്ക അകറ്റാൻ സത്വര നടപടികൾ സ്വീകരിക്കാൻ യോഗത്തിൽ തീരുമാനമായി.
ഹൈഡ്രോളജിസ്റ്റ്, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിൻ്റ് ഡയറക്ടർ, മലിനീകരണ നിയന്ത്രണ ബോർഡ് ജില്ലാ ഓഫീസർ, ഭൂഗർഭ ജലവകുപ്പ് ജില്ലാ ഓഫീസർ, പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, തഹസിൽദാർ, പഞ്ചായത്ത് സെക്രട്ടറി തുടങ്ങിയവർ ഉൾപ്പെടുന്ന സംഘം നാളെ പരിയാപുരത്തെത്തും. ഉദ്യോഗസ്ഥ സംഘം വിശദമായ പരിശോധനയും പഠനവും നടത്തും. നാളെ 10.30ന് അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്ത് ഓഫീസിൽ നടക്കുന്ന യോഗത്തിനു ശേഷമായിരിക്കും സംഘം പരിയാപുരത്തെത്തുന്നത്. പഞ്ചായത്ത്‌ ഓഫീസിൽ നടക്കുന്ന യോഗത്തിൽ ജനകീയ സമിതി ഭാരവാഹികളും പങ്കെടുക്കും.
ഡീസൽ കലരാത്ത കിണറുകളിലെ വെള്ളം ഉപയോഗിക്കാമെന്നും സമീപവാസികൾ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും ഡെപ്യൂട്ടി കലക്ടർ (ദുരന്തനിവാരണം) എസ്.എസ്.സരിൻ പറഞ്ഞു.