മലപ്പുറത്ത് എലിപ്പനി ബാധിച്ച് അച്ഛനും മകനും മരിച്ചു

Health Local News

മലപ്പുറം: മലപ്പുറത്ത് എലിപ്പനി ബാധിച്ച് അച്ഛനും മകനും മരിച്ചു. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന അച്ഛനും മകനും മരിച്ചത് എലിപ്പനി ബാധിച്ചാണെന്ന് സ്ഥിരീകരിച്ചു.പള്ളപ്രം കളരിക്കല്‍ വാസു (80)വും മകന്‍ സുനി(45)ലും മാണ് എലിപ്പനി ബാധിച്ച് ദിവസങ്ങളുടെ വ്യത്യാസത്തില്‍ മരിച്ചത്.
ശ്വാസതടസ്സം അനുഭവപ്പെട്ട് പൊന്നാനി താലൂക്ക് ആശുപത്രിയിലും പിന്നീട് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ച സുനില്‍ ജൂണ്‍ 23-നാണ് മരിച്ചത്. പനിയും ക്ഷീണവും അനുഭവപ്പെട്ട അച്ഛന്‍ വാസു ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് മരിച്ചത്.
മാളുവാണ് വാസുവിന്റെ ഭാര്യ. ഷീലയാണ് സുനിലിന്റെ ഭാര്യ. മകള്‍: ദിയ. സഹോദരന്‍: ഷാജി

ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്

മലപ്പുറം ജില്ലയില്‍ ഒരു വീട്ടില്‍ തന്നെ അടുത്തടുത്ത ദിവസങ്ങളിലായി രണ്ട് എലിപ്പനി മരണങ്ങള്‍ കൂടി റിപ്പോര്‍ട് ചെയ്ത സാഹചര്യത്തില്‍ ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നു ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ആര്‍ രേണുക അറിയിച്ചു.
പൊന്നാനി മുനിസിപ്പാലിറ്റി പ്രദേശത്തെ 70 വയസുകാരനും, മകന്‍ 44 വയസുള്ള ആളും ദിവസങ്ങളുടെ വ്യത്യാസത്തില്‍ ആണ് എലിപ്പനി മൂലം മരണമടഞ്ഞത്. കാര്‍ഷികവൃത്തിയില്‍ ഏര്‍പ്പെട്ടിരുന്ന വ്യക്തികള്‍ ആയിരുന്നു ഇവര്‍. മൃഗങ്ങളെ പരിപാലിക്കുന്നവര്‍ , കാര്ഷികവൃത്തിയില്‍ ഏര്‍പ്പെടുന്നവര്‍ , മലിനജലവുമായി സമ്പര്‍ക്കത്തില്‍ വരന്‍ സാധ്യത ഉള്ള ജോലികള്‍ ചെയ്യന്നവര്‍ ഒക്കെ എലിപ്പനി ബാധിക്കുവാന്‍ കൂടുതല്‍ സാധ്യത ഉള്ളവരാകയാല്‍ ഇവര്‍ പ്രത്യേകം ശ്രദ്ധിക്കുകയും , പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിക്കുകയും ചെയ്യണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

എലിപ്പനി
ലെപ്‌റ്റോസ്‌പൈറ എന്ന ബാക്ടീരിയ മനുഷ്യ ശരീരത്തില്‍ പ്രവേശിച്ചാണ് എലിപ്പനി പകരുന്നത്. വീടിനകത്തോ പുറത്തോ എലി, നായ,
കന്നുകാലികള്‍ മുതലായവയുടെ മൂത്രം കലര്‍ന്ന വസ്തുക്കളും ആയുള്ള സമ്പര്‍ക്കം വഴി ഈ ബാക്ടീരിയ തൊലിയിലുള്ള മുറിവുകളിലൂടെയോ കണ്ണുകളിലൂടെയോ ആണ് ശരീരത്തില്‍ പ്രവേശിക്കുന്നത്. എലി മാത്രമല്ല മറ്റു വളര്‍ത്തു മൃഗങ്ങളുടെ മൂത്രത്തില്‍ നിന്നും മൂത്രം കലര്‍ന്ന വെള്ളത്തില്‍ നിന്നും എലിപ്പനി പകരാന്‍ സാധ്യതയുണ്ട്
ഓടകള്‍ കുളങ്ങള്‍ വെള്ളക്കെട്ടുകള്‍ എന്നിവിടങ്ങളില്‍ കൈയുറ കാലുറ തുടങ്ങിയവ ധരിക്കാതെ ജോലി ചെയ്യുന്നവര്‍ക്ക് എലിപ്പനിക്കുള്ള സാധ്യത കൂടുതലാണ്. ഇത്തരം ജോലിക്കാര്‍ ആഴ്ചയില്‍ ഒരിക്കല്‍ ഭക്ഷണശേഷം 100 മില്ലി ഗ്രാമിന്റെ രണ്ട് ഡോഗ്‌സിസൈക്ലിന്‍ കഴിക്കുക വഴി എലിപ്പനി തടയാവുന്നതാണ് .
ശരീരത്തില്‍ ചെറിയ മുറിവുകളോ വ്രണങ്ങളോ ഉള്ളവര്‍ പാദം വിണ്ടുകീറിയവര്‍ ഏറെനേരം വെള്ളത്തില്‍ പണിയെടുത്ത് കൈകാലുകളിലെ തൊലി മൃദുലമായവര്‍ തുടങ്ങിയവരില്‍ എലിപ്പനിക്ക് കാരണമാകുന്ന ലെപ്‌റ്റോസ്‌പൈറ എന്ന രോഗാണുവിന് പ്രവേശിക്കാന്‍ എളുപ്പമാണ്.

എലിപ്പനിയുടെ ലക്ഷണങ്ങള്‍
കടുത്ത പനി, തലവേദന, ശക്തമായ ശരീരവേദന, കണ്ണിന് ചുവപ്പ് അല്ലെങ്കില്‍ മഞ്ഞനിറം, വെളിച്ചത്തിലേക്ക് നോക്കാന്‍ പ്രയാസം, മൂത്രത്തിന്റെ അളവ് കുറഞ്ഞ് കടുത്ത നിറം കാണപ്പെടുക എന്നീ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ തന്നെ തൊട്ടടുത്ത ആരോഗ്യ കേന്ദ്രം സന്ദര്‍ശിക്കുകയോ ആരോഗ്യ പ്രവര്‍ത്തകരെ സമീപിക്കുകയും ചെയ്യേണ്ടതാണ്. പകര്‍ച്ചപ്പനികള്‍ക്കെതിരെ സ്വയം ചികിത്സ ഒഴിവാക്കേണ്ടതുംവിദഗ്ധ ചികിത്സ തേടേണ്ടതും അത്യാവശ്യമാണ്.

പ്രതിരോധ മാര്‍ഗങ്ങള്‍
എലിപ്പനിക്കെതിരെ പ്രതിരോധം തന്നെയാണ് ഏറ്റവും പ്രധാനം. കന്നുകാലികളെ കുളിപ്പിക്കുന്ന തോട് ,കുളം, മറ്റു ജലാശയങ്ങള്‍ എന്നിവിടങ്ങളില്‍ കുളിക്കുകയോ മുഖം വായ കൈകാലുകള്‍ എന്നിവ കഴുകുകയോ ചെയ്യരുത്.
തൊഴുത്ത്, പട്ടിക്കൂട്, മറ്റു വളര്‍ത്ത മൃഗങ്ങളുടെ കൂടുകള്‍എന്നിവ വൃത്തിയാക്കുമ്പോള്‍ മൃഗങ്ങളുടെ വിസര്‍ജ്യങ്ങളുമായി സമ്പര്‍ക്കം ഉണ്ടാകാതെ ശ്രദ്ധിക്കേണ്ടതാണ് .
ശരീരത്തില്‍ മുറിവുകളുള്ളവര്‍ മലിനജലമായുള്ള സമ്പര്‍ക്കം നിര്‍ബന്ധമായും ഒഴിവാക്കേണ്ടതാണ്. വയലുകളില്‍ ജോലി ചെയ്യുന്നവരും ഓട കനാല്‍ തോട് കുളങ്ങള്‍ വെള്ളക്കെട്ടുകള്‍ എന്നിവ വൃത്തിയാക്കുന്നവരിലും എലിപ്പനിക്കുള്ള സാധ്യത കൂടുതലാണ്. കൈകാലുകളിലോ മറ്റു ശരീര ഭാഗങ്ങളിലോ മുറിവുകളുള്ളവര്‍ അത് ഉണങ്ങുന്നതുവരെ ഇത്തരം ജോലികള്‍ ഒഴിവാക്കേണ്ടതാണ്. ഒഴിവാക്കാന്‍ കഴിയില്ലെങ്കില്‍ മണ്ണിലും ചളിയിലും വെള്ളക്കെട്ടുകളിലും ജോലിക്ക് ഇറങ്ങുന്നവര്‍ കൈയുറ, കാലുറ മുതലായ വ്യക്തിഗത സുരക്ഷാ മാര്‍ഗങ്ങള്‍ ഉപയോഗിക്കേണ്ടതാണ്. കൂടാതെ ആഴ്ചയിലൊരിക്കല്‍ ഭക്ഷണശേഷം 100 മില്ലി ഗ്രാമിന്റെ രണ്ട് ഡോഗ്‌സിസൈക്ലിന്‍ ഗുളികകള്‍ കഴിക്കേണ്ടതാണ്.
മീന്‍ പിടിക്കുവാന്‍ പോകുന്ന സ്ഥലങ്ങളില്‍ അതുപോലെ നീന്താന്‍ പോകുന്ന സ്ഥലങ്ങളില്‍ മലിനജലവുമായി സമ്പര്‍ക്കം ഉണ്ടായാല്‍ ഗുളിക കഴിച്ച് എലിപ്പനിക്കെതിരായ മുന്‍കരുതല്‍ എടുക്കേണ്ടതാണ്.
ഭക്ഷണ അവശിഷ്ടങ്ങളും മറ്റു മാലിന്യങ്ങളും അലക്ഷ്യമായി വലിച്ചെറിയുകയും കൂട്ടിയിടുകയോ ചെയ്യരുത് അവ കൃത്യമായി ശാസ്ത്രീയമായ രീതിയില്‍ തന്നെ സംസ്‌കരിക്കേണ്ടതാണ് കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കുട്ടികളെ കളിക്കുവാന്‍ അനുവദിക്കരുത്.
ജില്ലയിലെ പകര്‍ച്ചവ്യാധികള്‍ തടയുന്നതിനും കൃത്യമായി പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുന്നതിനും ശാസ്ത്രീയമായ വിദഗ്ധ ചികിത്സ സ്വീകരിക്കുന്നതിനും എല്ലാവരും ബോധവാന്മാരാകണമെന്നും ജാഗ്രത പാലിക്കണമെന്നും ജില്ല മെഡിക്കല്‍ ഓഫീസര്‍ ഓര്‍മ്മപ്പെടുത്തി.