15കാരന്‍ സ്‌കൂട്ടര്‍ റോഡിലിറക്കി, പിതൃ സഹോദരന് ലഭിച്ചത് തടവും പിഴയും

Local News

മഞ്ചേരി : സഹോദര പുത്രനോട് സ്‌കൂട്ടര്‍ ഒന്ന് കഴുകി വൃത്തിയാക്കാനേല്‍പ്പിച്ചതായിരുന്നു യുവാവ്. കഴുകി കഴിഞ്ഞപ്പോള്‍ സ്‌കൂട്ടര്‍ കോംപൗണ്ടിനു പുറത്ത് റോഡിലേക്കിറക്കാന്‍ 15കാരന് ഒരു മോഹം. സ്‌കൂട്ടര്‍ വീടിന്റെ ഗേറ്റ് കടന്ന് റോഡിലേക്കിറങ്ങിയത് പൊലീസിന് മുന്നിലേക്ക്. തിരൂര്‍ എസ്.ഐ സി.വി ഹരിദാസന്‍ നടത്തിയ പരിശോധനയില്‍ കുട്ടിക്ക് പ്രായപൂര്‍ത്തിയായില്ലെന്ന് കണ്ടെത്തി. ഉടന്‍ ആര്‍. സി ഉടമയും കുട്ടിയുടെ പിതൃസഹോദരനുമായ തുരൂര്‍ അന്നാര അമ്മിയങ്കര സന്തോഷ് (38)നെ അറസ്റ്റ് ചെയ്തു. 2023 മാര്‍ച്ച് 23ന് വൈകീട്ട് അഞ്ചര മണിക്കാണ് സംഭവം. ഈ കേസില്‍ ഇന്നലെ മഞ്ചേരി ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി സന്തോഷിനെ 30,250 രൂപ പിഴയടക്കാനും കോടതി പിരിയും വരെ തടവനുഭവിക്കാനും ശിക്ഷിച്ചു. ഇന്ത്യന്‍ ശിക്ഷാ നിയമം 336 പ്രകാരം 250 രൂപ പിഴ, മോട്ടോര്‍ ആക്ടിലെ 180 പ്രകാരം 5000 രൂപ പിഴ, 199എ പ്രകാരം 25000 രൂപ പിഴ എന്നിങ്ങനെയാണ് ശിക്ഷ. പിഴയടച്ചില്ലെങ്കില്‍ രണ്ടാഴ്ചത്തെ തടവ് ശിക്ഷയനുഭവിക്കണമെന്നതിനാല്‍ സന്തോഷ് കോടതിയില്‍ പണം കെട്ടി ഇന്നലെ വൈകുന്നേരത്തോടെ വീട്ടിലേക്ക് മടങ്ങി.

റിപ്പോര്‍ട്ട്: ബഷീര്‍ കല്ലായി