സ്വര്‍ണ്ണം വാങ്ങി ആഭരണങ്ങളാക്കി വില്‍പന നടത്തുന്ന മഹാരാഷ്ട്രസ്വദേശികളായ മൂവര്‍സംഘം 19ലക്ഷത്തോളം രൂപയുമായി പിടിയില്‍

Local News

മലപ്പറം: രേഖകളില്ലാത്ത 19 ലക്ഷത്തോളം രൂപയുമായി മഹാരാഷ്ട്ര സ്വദേശികളായ മൂന്ന് പേര്‍ മലപ്പുറം ചങ്ങരംകുളത്ത് പിടിയില്‍. സംഘം കുടുങ്ങിയത് മലപ്പുറം, പാലക്കാട് ജില്ലാ അതിര്‍ത്തിയില്‍ നിന്ന്. 18 ലക്ഷത്തി എണ്‍പതിനായിരം രൂപയുമായാണ് മഹാരാഷ്ട്ര സ്വദേശികളായ ശങ്കര്‍, പ്രവീണ്‍, സന്തോഷ് എന്നിവരെയാണ് ചങ്ങരംകുളം പോലീസ് പിടികൂടിയത്. വര്‍ഷങ്ങളായി എടപ്പാളില്‍ താമസിക്കുന്നവരാണ് ഇവര്‍. മലപ്പുറം പാലക്കാട് ജില്ലാ അതിര്‍ത്തിയായ നീലിയാട് നിന്ന് വാഹന പരിശോധനക്കിടെയാണ് സംഘം പിടിയിലായത്. ഡാന്‍സാഫിന്റെ സഹായത്തോടെ ചങ്ങരംകുളം സി.ഐ ബഷീര്‍ ചിറക്കലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ പിടികൂടിയത്. സ്വര്‍ണ്ണം വാങ്ങി ആഭരണങ്ങളാക്കി വില്‍പന നടത്തുന്നവരാണ് പിടിയിലായവര്‍ എന്നാണ് പോലീസിന് ലഭ്യമായ വിവരം. പിടിച്ചെടുത്ത പണം പൊന്നാനി ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജറാക്കും. രേഖകകളില്ലാതെ പിടികൂടിയ പണമാണിത്. വിമാനത്തവളങ്ങള്‍ വഴി കടത്തുന്ന രേഖകളില്ലാത്ത സ്വര്‍ണം ആഭരണങ്ങളാക്കി മാറ്റി നല്‍കുന്നതില്‍ ഇവര്‍ക്കു പങ്കുണ്ടോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്. കള്ളക്കടത്ത് സ്വര്‍ണം മൊത്തമായി ബംഗളൂരുവില്‍ വില്‍പന നടത്തുന്ന സംഘങ്ങളെ കുറിച്ചു നേരത്തെ പോലീസിന് വിവരം ലഭിച്ചിരുന്നു. നാട്ടില്‍ വില്‍പന നടത്തുന്നതിനേക്കാള്‍ ഗ്രാമിന് 50രൂപയിലധികം ബംഗളൂരുവിലെ വില്‍പന ശാലകളില്‍ അധികം ലഭിക്കുന്നതായാണ് വിവരം. ഇതിനാല്‍ തന്നെ കള്ളക്കടത്ത് സ്വര്‍ണം പരമാവധി ബംഗളൂരുവിലെത്തിക്കാനാണു സംഘങ്ങള്‍ ശ്രമിക്കാറുള്ളത്. പക്ഷെ പിടിക്കപ്പെട്ടാല്‍ സ്വര്‍ണം മുഴുവന്‍ നഷ്ടപ്പെടുമെന്നതിന് പുറമെ കേസിനു പിറകേയും പോകേണ്ടിവരുമെന്നതിനാല്‍ പലപ്പോഴും ചില ഇടനിലക്കാര്‍ വഴിയും ഇത്തരത്തില്‍ വില്‍പനകള്‍ നടത്താറുണ്ട്. ഇടനിലക്കാര്‍ക്ക് ബിസിനസ്സിന്റെ ലാഭത്തില്‍നിന്നും ഒരു വിഹിതം കൈമാറലാണ് പതിവ്. ഇത്തരത്തില്‍ ഇടനിലക്കാര്‍ക്കു കമ്മീഷന്‍ നല്‍കിയാലും നാട്ടില്‍വില്‍പ നടത്തുന്നതിനേക്കാള്‍ കൂടുതല്‍ പണം വില്‍പനക്കാര്‍ക്കു ഇത്തരത്തില്‍ ലഭിക്കാറുണ്ട്.