റമളാന്‍ 27-ാം രാവ് പ്രാര്‍ത്ഥനാ സമ്മേളനം;കാല്‍നാട്ടല്‍ കര്‍മം നടത്തി

Local News Religion

മലപ്പുറം: മഅ്ദിന്‍ അക്കാദമിക്ക് കീഴില്‍ റമളാന്‍ 27-ാം രാവായ തിങ്കളാഴ്ച മലപ്പുറം സ്വലാത്ത് നഗറില്‍ നടക്കുന്ന പ്രാര്‍ത്ഥനാ സമ്മേളനത്തിന്റെ പതാക കാല്‍നാട്ടല്‍ കര്‍മം സമസ്ത സെക്രട്ടറിയും മഅദിന്‍ അക്കാദമി ചെയര്‍മാനുമായ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി നിര്‍വ്വഹിച്ചു. സമസ്ത സെക്രട്ടറി പി. ഇബ്‌റാഹീം ബാഖവി അദ്ധ്യക്ഷത വഹിച്ചു. സയ്യിദ് മുഹമ്മദ് ഫാറൂഖ് ജമലുല്ലൈലി, അബൂബക്കര്‍ ഹാജി ചെങ്ങാട്ട്, മഅ്ദിന്‍ സെക്രട്ടറി പരി മാനുപ്പ ഹാജി, സൈതലവി സഅദി, ദുല്‍ഫുഖാര്‍ അലി സഖാഫി, ശൗക്കത്തലി സഖാഫി കച്ചേരിപ്പറമ്പ് എന്നിവര്‍ സംബന്ധിച്ചു.
പ്രാര്‍ത്ഥനാ സമ്മേളനത്തിനെത്തിച്ചേരുന്ന വിശ്വാസികളെ സ്വീകരിക്കുന്നതിന് വിപുലമായ ഒരുക്കങ്ങളാണ് മഅദിന്‍ കാമ്പസില്‍ നടന്ന് കൊണ്ടിരിക്കുന്നത്. പ്രധാന വേദിക്ക് പുറമെ വിവിധ ഗ്രൗണ്ടുകള്‍, പരിസരത്തെ ഓഡിറ്റോറിയങ്ങള്‍ എന്നിവയും സജ്ജീകരിക്കുന്നുണ്ട്.
പ്രാര്‍ത്ഥനാ സമ്മേളനത്തിന്റെ ഭാഗമായി ഇന്ന് വൈകുന്നേരം 5ന് സാന്ത്വനം സന്നദ്ധ സേവകരുടെ സംഗമവും നാളെ വൈകുന്നേരം 4ന് ലീഡേഴ്‌സ് സംഗമവും നടക്കും.
വെള്ളിയാഴ്ച ജുമുഅ പ്രഭാഷണത്തിന് സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി നേതൃത്വം നല്‍കും. ഉച്ചക്ക് 2.30 ന് വളണ്ടിയര്‍ മീറ്റും വൈകുന്നേരം 4ന് മഹല്ലുകളില്‍ പൈതൃക യാത്രയും സംഘടിപ്പിക്കും. ശനിയാഴ്ച വൈകുന്നേരം 4 ന് നടക്കുന്ന പതാക ഉയര്‍ത്തലിന് സമസ്ത ഉപാധ്യക്ഷന്‍ സയ്യിദ് അലി ബാഫഖി തങ്ങള്‍ നേതൃത്വം നല്‍കും.
ഞായറാഴ്ച രാവിലെ 7 ന് സ്‌കൂള്‍ ഓഫ് ഖുര്‍ആന്‍ നടക്കും. അബൂബക്കര്‍ സഖാഫി അരീക്കോട് പ്രഭാഷണം നടത്തും.
വൈകുന്നേരം 4 ന് പ്രാര്‍ത്ഥനാ സമ്മേളന ഉദ്ഘാടന സംഗമം നടക്കും. സമസ്ത പ്രസിഡന്റ് ഇ. സുലൈമാന്‍ മുസ്്‌ലിയാരുടെ അദ്ധ്യക്ഷതയില്‍ സമസ്ത സെക്രട്ടറി പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യും.
തിങ്കളാഴ്ച പുലര്‍ച്ചെ ഇഅ്തികാഫ് ജല്‍സയോടെ പ്രാര്‍ത്ഥനാ സമ്മേളന ചടങ്ങുകള്‍ ആരംഭിക്കും. ഒരു ലക്ഷം പേര്‍ സംബന്ധിക്കുന്ന ഇഫ്ത്വാറിന് സ്വലാത്ത് നഗര്‍ വേദിയാകും. രാത്രി 9 ന് സമാപന സംഗമം മഅദിന്‍ അക്കാദമി ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരിയുടെ അദ്ധ്യക്ഷതയില്‍ അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍ നിര്‍വ്വഹിക്കും. പുലര്‍ച്ചെ 3 വരെ നീണ്ട് നില്‍ക്കുന്ന പരിപാടിയില്‍ ഖുര്‍ആന്‍ പാരായണം, തഹ് ലീല്‍, പ്രതിജ്ഞ, തൗബ, പ്രാര്‍ത്ഥന എന്നിവ നടക്കും.