ആഘോഷങ്ങള്‍ക്കിടയില്‍ കോവിഡിനെതിരെ ജാഗ്രത പാലിക്കുക- ഡി.എം.ഒ

Health Keralam Local News

മലപ്പുറം : കോവിഡ് രോഗികളുടെ എണ്ണം വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ ജില്ലയിലെ വ്യാപാരസ്ഥാപനങ്ങളും ഹോട്ടലുകളും ഓഫീസുകളും അപ്പാർട്ട്മെൻറ്കളും പൊതു വാഹനങ്ങളും കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ രേണുക നിർദ്ദേശിച്ചു.

വ്യാപാരസ്ഥാപനങ്ങളും മാളുകളും പൊതുവാഹനങ്ങളും ഓഫീസുകളും ആരാധനാലയങ്ങളും ഇടയ്ക്കിടെ സാനിറ്റൈസ് ചെയ്യുകയും അവിടെ വരുന്നവരോട് കൃത്യമായി മാസ്ക് ധരിക്കാനും അകലം പാലിക്കുവാനും നിർദ്ദേശിക്കുകയും ചെയ്യേണ്ടതാണ്. പൊതു കെട്ടിടങ്ങളിലും മാളുകളിലും ഓഫീസുകളിലും വിസ്താരം കുറഞ്ഞ ലിഫ്റ്റുകൾ ഉപയോഗിക്കുന്നത് ഒഴിവാക്കണം. സാനിറ്റൈസർ ഉപയോഗിച്ച് കൈകൾ അണുവിമുക്തമാക്കുകയോ കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകുകയോ വേണം.

കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചുകൊണ്ട് കോവിഡ് വ്യാപനം തടയാൻ പൊതുജനങ്ങൾ സഹകരിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അഭ്യർത്ഥിച്ചു. കുട്ടികൾ, ഗർഭിണികൾ, പ്രായംകൂടിയവർ, മറ്റ് രോഗങ്ങൾ ഉള്ളവർ എന്നിവർ പ്രത്യേകം ശ്രദ്ധ ചെലുത്തണം.

കോവിഡ് വാക്സിൻ പൂർണ ഡോസ് സ്വീകരിക്കാൻ ബാക്കിയുള്ളവരും മുന്‍കരുതൽ ഡോസ് വാക്സിനേഷന് അർഹതയുള്ളവരും എത്രയും പെട്ടെന്ന് വാക്സിൻ സ്വീകരിച്ച് പ്രതിരോധം നേടണമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ ഓർമിപ്പിച്ചു.