കൊവിഡ് വ്യാപനം ഫെബ്രുവരി പകുതിയോടെ കുറയുമെന്ന് സർക്കാർ വൃത്തങ്ങൾ

Health India News

ദില്ലി: രാജ്യത്ത് കൊവിഡ് വ്യാപനം ഫെബ്രുവരി പകുതിയോടെ കുറയുമെന്ന് സർക്കാർ വൃത്തങ്ങൾ. ഫെബ്രുവരി 15 ഓടെ രോഗികളുടെ എണ്ണം കുറയുമെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ അറിയിച്ചതായി വാർത്താ ഏജൻസി പറയുന്നു. ചില മെട്രോ നഗരങ്ങളിൽ കേസുകൾ കുറഞ്ഞു തുടങ്ങിയിട്ടുണ്ട്. അതിനിടെ, പ്രായപൂർത്തിയായ 74 ശതമാനം പേരും വാക്സിനേഷൻ പൂർത്തിയാക്കി.

പ്രധാന നഗരങ്ങളിൽ കൊവിഡ് രോഗികളുടെ എണ്ണം കുത്തനെ കുറയുകയാണ്. ദില്ലിയിൽ ഒരിടവേളയ്ക്ക് ശേഷം പ്രതിദിന കൊവിഡ് കേസുകൾ പതിനായിരത്തിന് താഴെയെത്തി. മുംബൈയിലും കൊൽക്കത്തയിലും മൂവായിരത്തിൽ കുറവാണ് രോഗികൾ. കർണാടകയിലാണ് ഇന്നലെ ഏറ്റവും കൂടുതൽ പേർക്ക് കൊവിഡ് സ്ഥിരീകരിച്ചത്. അതേസമയം, രാജ്യത്ത് കൊവിഡ് പ്രതിദിന പോസിറ്റിവിറ്റി നിരക്കിൽ മൂന്ന് ശതമാനം കൂടിയത് . പതിനേഴ് ശതമാനത്തിൽ നിന്ന് ഇരുപത് ശതമാനമായാണ് പോസിറ്റിവിറ്റി നിരക്കിൽ കൂടിയത്.