നിര്‍ത്തിയിട്ട കാര്‍ സ്വയം ഓടി കടയിലേക്ക് ഇടിച്ചു കയറി. സി.സി.ടി.വി ദൃശ്യം പുറത്ത്

Local News

മലപ്പുറം: എടപ്പാളില്‍ പാര്‍ക്കിങില്‍ നിര്‍ത്തിയിട്ട കാര്‍ റോഡിലേക്കിറങ്ങി എതിര്‍വശത്തെ കടയിലേക്ക് ഇടിച്ചു കയറി വന്‍ അപകടം. അപകടത്തിന്റെ സി.സി.ടി.വി ദൃശ്യം പുറത്ത്. എടപ്പാള്‍ പട്ടാമ്പി റോഡില്‍ ആണ് സംഭവം. കടയിലെ ജീവനക്കാരന്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്.
വ്യാഴാഴ്ച ഉച്ചക്ക് 12മണിയോടെ എടപ്പാള്‍ പട്ടാമ്പി റോഡില്‍ ആണ് സംഭവം. എടപ്പാള്‍ പട്ടാമ്പി റോഡിലെ പാര്‍ക്കിങ് സ്ഥലത്ത് നിര്‍ത്തിയിട്ട കാര്‍ തിരക്കേറിയ പാതയിലേക്ക് ഇറങ്ങി വരികയായിരുന്നു. തുടര്‍ന്ന് എതിര്‍വശത്തെ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന സിറ്റി ഒപ്റ്റിക്കല്‍ ഷോപ്പിലേക്കാണ് വാഹനം ഇടിച്ചു കയറി. ഷോപ്പിലെ ഗ്ളാസ് തകര്‍ത്ത് കൗണ്ടര്‍ വരേക്ക് എത്തിയകാര്‍ വീണ്ടും പുറകിലേക്ക് ഓടി. നിരവധി കാല്‍നടയാത്രക്കാരും വാഹനങ്ങളും സഞ്ചരിക്കുന്ന റോഡില്‍ അപകട സമയത്ത് വാഹനങ്ങള്‍ വരാതിരുന്നതും യാത്രക്കാര്‍ ഇല്ലാതിരുന്നതും മൂലം വലിയ ദുരന്തമാണ് വഴി മാറിയത്. കാറിന്റെ മുന്നിലകപ്പെടാതെ സ്‌കൂട്ടര്‍ യാത്രികന്‍ രക്ഷപ്പെടുന്നത് സി.സി.ടി.വി ദൃശ്യങ്ങളില്‍ കാണാം. സിറ്റി ഒപ്റ്റിക്കല്‍സിന്റെ ഗ്ലാസ് പൂര്‍ണ്ണമായും തകര്‍ന്നു. ക്യാഷ് കൗണ്ടറും നശിച്ചു. ഈ സമയം ക്യാഷ് കൗണ്ടറിലും കടയിലുമായി രണ്ട് ജീവനക്കാരുണ്ടായിരുന്നു. ഇവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ക്യാഷ് കൗണ്ടറിലുണ്ടായിരുന്ന ജീവനക്കാരന്‍ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. ഷോപ്പില്‍ ലക്ഷങ്ങളുടെ നഷ്മാണ് പറ്റിയിട്ടുള്ളത്. എടപ്പാളിലേക്ക് ഷോപ്പിങിനെത്തിയയാള്‍ നിര്‍ത്തിയിട്ട കാറാണ് അപകടം സൃഷ്ടിച്ചത്. ഹാന്‍ഡ് ബ്രേക്കിടാതെ കാര്‍ നിര്‍ത്തിപ്പോയതാണ് അപകടത്തിന് കാരണമായതെന്നാണ് സംശയിക്കുന്നത്. കടയില്‍ നിന്ന് പുറത്തേക്ക് വീണ്ടും ഓടിയ കാര്‍ പിന്നീട് സ്വയം നില്‍ക്കുകയായിരുന്നു.