14കാരന്‍ ബൈക്കോടിച്ചു; ശിക്ഷ കിട്ടിയത്പിതാവിനും ബൈക്കുടമയായ യുവതിക്കും

Local News

മഞ്ചേരി : പതിനാലു വയസ്സുള്ള മകന്‍ ബൈക്കോടിച്ചതിന് തടവും പിഴയും ശിക്ഷ അനുഭവിക്കേണ്ടി വന്നത് കുട്ടിയുടെ പിതാവ് മാത്രമല്ല വാഹന ഉടമയായ യുവതിക്കും കൂടി. കുട്ടിയുടെ പിതാവ് കല്പകഞ്ചേരി കുറുക പൊട്ടേങ്ങല്‍ അബ്ദുല്‍ നസീര്‍ (55)ന് മഞ്ചേരി ചീഫ് ജുഡീഷ്യ മജിസ്ട്രേറ്റ് 25000 രൂപ പിഴയായി ശിക്ഷ വിധിച്ചപ്പോള്‍ ബൈക്ക് ഉടമയായ കല്പകഞ്ചേരി കൂട്ടുമൂച്ചിക്കല്‍ ഫൗസിയ (38) ക്ക് 5000 രൂപ പിഴയാണ് ശിക്ഷ ലഭിച്ചത്. ഇരുവരും കോടതി പിരിയും വരെ തടവ് അനുഭവിക്കണമെന്നും മജിസട്രേറ്റ് എം എ അഷ്റഫ് വിധിച്ചു.
2022 സെപ്തംബര്‍ ഒന്നിന് ഉച്ചക്ക് പന്ത്രണ്ടര മണിക്കാണ് കേസിന്നാസ്പദമായ സംഭവം. അയല്‍വാസിയായ യുവതിയുടെ ബൈക്കുമായി പതിനാലുകാരനായ വിദ്യാര്‍ത്ഥി മാമ്പ്ര കടുങ്ങാത്തുകുണ്ട് റോഡിലൂടെ പോകുകയായിരുന്നു. വാഹന പരിശോധന നടത്തുകയായിരുന്ന മലപ്പുറം എന്‍ഫോഴ്സ്മെന്റ് റീജ്യണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസിലെ മോട്ടോര്‍ വെഹികിള്‍ ഇന്‍സ്പെക്ടര്‍ പി കെ മുഹമ്മദ് റഫീഖ് കുട്ടിയെ കൈകാട്ടി നിര്‍ത്തി നടത്തിയ പരിശോധനയിലാണ് പ്രായപൂര്‍ത്തിയായില്ലെന്നും ലൈസന്‍സില്ലെന്നും കണ്ടെത്തിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കുട്ടിയുടെ രക്ഷിതാവിനും ആര്‍സി ഉടമക്കും എതിരെ 1988ലെ മോട്ടോര്‍വാഹന വകുപ്പിലെ 180, 199 എ വകുപ്പുകള്‍ പ്രകാരം കേസ്സെടുത്തത്. ഇരുവരും ഇന്നു കോടതിയില്‍ പിഴയൊടുക്കുകയും വൈകീട്ട് അഞ്ചു മണി വരെ തടവ് അനുഭവിക്കുകയും ചെയ്തു.

റിപ്പോര്‍ട്ട്: ബഷീര്‍ കല്ലായി