കരുവാരക്കുണ്ടിൽ വീണ്ടും പുലിയുടെ സാന്നിധ്യം; ആടിനെ ആക്രമിച്ചു

Local News

കരുവാരക്കുണ്ടിലെ പയ്യാക്കോടിൽ വീണ്ടും പുലിയുടെ സാന്നിധ്യം തിരിച്ചറിഞ്ഞു. ഇന്ന് പുലർച്ചെ പയ്യാക്കോടിലെ കാരക്കുളയൻ കുഞ്ഞയമു ഹാജിയുടെ ആടിനെ പുലി കടിച്ചതോടെയാണ് സാന്നിധ്യം ഉറപ്പിച്ചത്. കൂട്ടിനകത്തുണ്ടായിരുന്ന ആടിന്റെ കൈയിൽ കടിക്കുകയായിരുന്നു. ആടിന്റെ കരച്ചിൽ കേട്ട് വീട്ടുക്കാർ പുറത്തേക്ക് വന്നപ്പോൾ പുലി ഓടുന്ന ശബ്ദം കേട്ടതായി പറയുന്നുണ്ട്. കടിയേറ്റ ആടിനെ മേലാറ്റൂരിലെ മൃഗാശുപത്രിയിൽ കൊണ്ടുപോയെങ്കിലും പരിക്ക് ഗുരുതരമായതിനാൽ മലപ്പുറത്തെ വെറ്ററിനറി സർജനെ കാണിക്കുകയായിരുന്നു.

കഴിഞ്ഞ ഒരാഴ്ചക്കുളിൽ ഇത് മൂന്നാമത്തെ വട്ടമാണ് കരുവാരക്കുണ്ട് ഭാഗത്ത് പുലിയുടെ സാന്നിധ്യം കണ്ടെത്തുന്നത്. കക്കറ, ചേരി എന്നീ ഭാഗത്താണ് ഇതിനു മുൻപ് പുലിയുടെ സാന്നിധ്യം കണ്ടത്തിയിരുന്നത്. ഈ ഭാഗങ്ങളിൽ പുലിയുടേതുമായി സാദൃശ്യമുള്ള കാൽപ്പാടുകളുമുണ്ട്. കരുവാരക്കുണ്ട് നിവാസികൾ ഇപ്പോൾ ഭീതിയിലാണ് കഴിയുന്നത്.