സാഹസിക യാത്രക്കൊടുവിൽ ഇടമലക്കുടിയിൽ വാക്സിനെത്തിച്ച് ആരോഗ്യപ്രവർത്തകർ

Health Local News

ഇടുക്കി: അതിസാഹസികമായ യാത്രയിലൂടെ ഇടമലക്കുടിയിലെത്തി ആദിവാസികൾക്ക് വാക്സിൻ നൽകി ദേവികുളം ആരോഗ്യപ്രവർത്തകർ. കാട്ടുകമ്പുകൾ മാത്രം ഉപയോഗിച്ച് ഉണ്ടാക്കിയ പാലത്തിലൂടെയും ദുർഘടം പിടിച്ച വഴികളിലൂടെയും യാത്ര ചെയ്താണ് ആരോഗ്യപ്രവർത്തകർ അവിടേക്കെത്തിയത്. അപകടം പിടിച്ച യാത്രയുടെ ദൃശ്യങ്ങൾ ഇവർ തന്നെയാണ് പുറംലോകവുമായി പങ്കുവെച്ചതും.

കേരളത്തിലെ ആദ്യത്തെ ഗോത്ര പഞ്ചായത്തായ ഇടമലക്കുടിയിൽ കോവിഡിനെ നേരിടാൻ കനത്ത സുരക്ഷാ ആദ്യം മുതലേ ഏർപ്പെടുത്തിയിരുന്നു. പക്ഷെ ഏതാനും ജനപ്രതിനിധികളും അവരുടെ കൂടെ ചില യൂടൂബ് വ്ലോഗ്ഗർമാരും ഇതിനിടെ ഇടിമലക്കുടിയിലെത്തിയിരുന്നു. ഇതിനു ശേഷമാണ് ഈ പഞ്ചായത്തിൽ ആദ്യമായി കോവിഡ് കേസ് റിപ്പോർട്ട് ചെയ്യുന്നത്. ഈ വിഷയം എൽഡിഎഫ് പ്രവർത്തകർ അടക്കമുള്ള ചില രാഷ്ട്രീയ നേതാക്കൾ വിവാദം ആക്കിയതിനെ തുടർന്നാണ് വാക്സിനുമായി ദേവികുളം ആരോഗ്യ പ്രവർത്തകർ ഇടമലക്കുടിയിലെത്തുന്നത്.

ദേവികുളത്തെ പതിനൊന്ന് നഴ്സുമാരും, ഹെൽത്ത് ഇൻസ്പെക്ടർമാരായ ഡോ.അജിമോൻ, ശിവാനന്ദൻ, ശ്യാംശശി എന്നിവരുമടക്കം ആകെ പതിനേഴു പേരായിരുന്നു ഇടമലക്കുടിയിലേക്ക് പോയത്. ദുർഘടം പിടിച്ച വഴികളിലൂടെ ഫോർവീൽ ജീപ്പുകളിലായിട്ടാണ് ഇവർ വാക്സിൻ അവിടേക്ക് എത്തിച്ചത്. മൂന്നു ദിവസത്തോളം നീണ്ടു നിന്ന ക്യാമ്പിൽ എണ്ണൂറിലധികം ആളുകൾ വാക്സിൻ സ്വീകരിച്ചു.